Thursday, May 2, 2024
keralaNews

ആറ്റുകാല്‍ പൊങ്കാല ദേവിയുടെ പുറത്തെഴുന്നള്ളിപ്പിന് അനുമതി.

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായുള്ള ദേവിയുടെ പുറത്തെഴുന്നള്ളിപ്പിന് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവോടെ അനുമതി നല്‍കി ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസയുടെ ഉത്തരവ്.അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടെ, നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് ആനപ്പുറത്തെഴുന്നള്ളത്ത് നടത്താവുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു.പൂജാരിമാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് മാത്രമായിരിക്കും പങ്കെടുക്കാന്‍ അനുമതി. ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയവരോ അല്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ കൊവിഡ് പോസിറ്റീവ് ആയവരോ ആയിരിക്കണം. ഘോഷയാത്രക്ക് ഔദ്യോഗികവാഹനങ്ങള്‍ മാത്രമേ അകമ്പടിയായി അനുവദിക്കുകയുള്ളു. പൊതുജനങ്ങളുടെ അകമ്പടി വാഹനങ്ങളോ, ഉച്ചഭാഷണിയോ, വിളംബര വാഹനങ്ങളോ പാടില്ല.വഴിപൂജയോ മറ്റ് നേര്‍ച്ച ദ്രവ്യങ്ങളോ അനുവദിക്കില്ല. വഴിനീളെ ആഹാര പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യാനോ പുഷ്പവൃഷ്ടി നടത്താനോ പാടില്ല. പൊതുജനങ്ങള്‍ ഘോഷയാത്രയെ അനുഗമിക്കുന്നില്ലെന്ന് പൊലീസും സംഘാടകരും ഉറപ്പുവരുത്തണം. എഴുന്നള്ളിപ്പില്‍ പങ്കെടുക്കുന്നവര്‍ മുഴുവന്‍ സമയവും കൊവിഡ് പ്രോട്ടോക്കോള്‍ (മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം) കര്‍ശനമായി പാലിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.