Thursday, May 2, 2024
keralaNews

മദ്യം നല്‍കി ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച ശേഷമായിരുന്നു പീഡനം

കൊല്ലം: കരുനാഗപ്പള്ളിയില്‍ വിദേശ വനിതയെ മദ്യം നല്‍കി പീഡിപ്പിച്ചു. വള്ളിക്കാവ് അമൃതപുരിയില്‍ എത്തിയ അമേരിക്കയില്‍ നിന്നുള്ള 44 കാരിയാണ് പീഡനത്തിന് ഇരയായത്. മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. ചെറിയഴിക്കല്‍ പന്നിശ്ശേരില്‍ നിഖില്‍ (28), ചെറിയഴിക്കല്‍ അരയശേരില്‍ ജയന്‍ എന്നിവര്‍ ചേര്‍ന്നാണ് പരാതിക്കാരിയെ പീഡിപ്പിച്ചത്.                                                മദ്യം നല്‍കി ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച ശേഷമായിരുന്നു പീഡനം.                     കരുനാഗപ്പള്ളി പോലീസാണ് പ്രതികളെ പിടികൂടിയത്. രണ്ടുദിവസം മുമ്പ് പകല്‍ സമയത്താണ് സംഭവം നടന്നത്. ആശ്രമത്തിനു സമീപമുള്ള ബീച്ചില്‍ ഇരിക്കുകയായിരുന്ന സ്ത്രീയുടെ സമീപത്തെത്തിയ പ്രതികള്‍, സൗഹൃദം സ്ഥാപിച്ച ശേഷം സിഗരറ്റ് നല്‍കി. വേണ്ടെന്ന് പറഞ്ഞപ്പോള്‍ മദ്യക്കുപ്പി കാട്ടി മദ്യം തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഒരു ബൈക്കില്‍ കയറ്റുകയായിരുന്നു.

ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി മദ്യം നല്‍കിയ ശേഷമാണ് പീഡിപ്പിച്ചത്. അമിതമായ മദ്യം കഴിച്ചതിനാല്‍ ഇവര്‍ക്ക് ബോധം നഷ്ടപ്പെട്ടു പോയിരുന്നു. പിന്നീട് ആശ്രമത്തിലെത്തിയ സ്ത്രീ ഇവിടുത്തെ അധികൃതരോട് പീഡിപ്പിക്കപ്പെട്ട വിവരം പറയുകയായിരുന്നു. ആശ്രമം അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. കരുനാഗപ്പള്ളി പൊലീസ് സ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.