Wednesday, May 15, 2024
keralaNewspolitics

വൈദ്യുതി നിയന്ത്രണം: മുന്‍ മന്ത്രി എംഎം മണി പ്രസ്താവന തിരുത്തി മലക്കം മറിഞ്ഞു

ഇടുക്കി: വൈദ്യുതി വിലയ്ക്ക് വാങ്ങുന്നതിനെതിരെ ലേഖനം എഴുതിയവരാണ് ഇപ്പോള്‍ കറണ്ട് കട്ട് ഏര്‍പ്പെടുത്തുന്നതെന്നാണ് എം എം മണി ഇന്ന് രാവിലെ വിമര്‍ശിച്ചത്. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ എംഎം മണി പ്രസ്താവന തിരുത്തി മലക്കം മറിഞ്ഞു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് പ്രസ്താവന തിരുത്തി മുന്‍ മന്ത്രി എം എം മണി. വൈദ്യുതി നിയന്ത്രണം രാജ്യത്തെ മുഴുവന്‍ വൈദ്യുത പ്രതിസന്ധിയുടെ ഭാഗമാണെന്നും കല്‍ക്കരി ക്ഷാമമാണ് പ്രശ്‌നമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആവശ്യമെങ്കില്‍ വൈദ്യുതി വില കൊടുത്ത് വാങ്ങേണ്ടിവരുമെന്ന് പ്രസ്താവന തിരുത്തിയ എം എം മണി, കെഎസ്ഇബിയിലെ പ്രശ്‌നത്തെ കുറിച്ചുള്ള പ്രസ്താവനയും മയപ്പെടുത്തി. എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ട് പോകാന്‍ മാനേജ്‌മെന്റിനാവണം. താന്‍ മന്ത്രിയായിരിക്കുമ്പോള്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. രാഷ്ട്രീയം നോക്കാതെ എല്ലാവരെയും ഒത്തൊരുമിച്ച് കൊണ്ടുപോയി. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവണമെന്നും എം എം മണി തൊടുപുഴയില്‍ പറഞ്ഞു.

വൈദ്യുതി വിലയ്ക്ക് വാങ്ങുന്നതിനെതിരെ ലേഖനം എഴുതിയവരാണ് ഇപ്പോള്‍ കറണ്ട് കട്ട് ഏര്‍പ്പെടുത്തുന്നതെന്നാണ് എം എം മണി ഇന്ന് രാവിലെ വിമര്‍ശിച്ചത്. കെഎസ്ഇബി നേതൃത്വത്തിനെതിരെയും മണി ആഞ്ഞടിച്ചിരുന്നു.

ഒരു മണിക്കൂര്‍ കൊണ്ട് പറഞ്ഞ് തീര്‍ക്കാവുന്ന പ്രശ്നങ്ങളാണ് കെഎസ്ഇബിയിലുള്ളത്. ഉദ്യോഗസ്ഥരെ ഒരു കുടക്കീഴില്‍ കൊണ്ടുപോകാന്‍ അനുഭവ പാഠവം വേണം. തൊഴിലാളികള്‍ക്ക് നേരെ തന്‍ പ്രാമാണിത്വം കാട്ടിയാല്‍ ഇപ്പോള്‍ ആരും അംഗീകരിക്കില്ല. താന്‍ മന്ത്രി ആയിരുന്നപ്പോള്‍ എല്ലാം കൃത്യമായിട്ടാണ് ചെയ്തതെന്നും എം എം മണി നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, സംസ്ഥാനത്ത് വൈദുതി ലഭ്യത ഉറപ്പാക്കാന്‍ നടപടി തുടങ്ങിയെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക് അറിയിച്ചു. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് മെയ് 31 വരെ യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങുമെന്ന് ബി അശോക് പറഞ്ഞു. വൈദ്യുതി ലഭ്യത വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, പീക്ക് അവറില്‍ ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും എസ്ഇബി ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു. നിലവിലെ 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം പരമാവധി ഒരു ദിവസം കൂടി ഉണ്ടാകുമെന്നും കെഎസ്ഇബി ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കല്‍ക്കരിക്ഷാമം മൂലം താപനിലയങ്ങളില്‍ ഉല്പാദനം കുറഞ്ഞത് വഴി രാജ്യം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് കേരളത്തിലും. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിലവില്‍ വൈദ്യുതി ക്ഷാമം കേരളത്തില്‍ കുറവാണ്. പീക്ക് അവറില്‍ 200 മെഗാ വാട്ടിന്റെ കുറവാണുള്ളത്.

നല്ലളത്തിന് പുറമ കായംകുളം താപനിലയവും പ്രവര്‍ത്തനക്ഷമമാക്കി പ്രതിസന്ധി തീര്‍ക്കാനാണ് സര്‍ക്കാറിന്റെയും കെഎസ്ഇബിയുടെയും നീക്കം. എറണാകുളത്ത് റിലയന്‍സിന്റെ താപനിലയവുമായും ചര്‍ച്ച നടക്കുന്നു. ആന്ധ്രയിലെ ഒരു കമ്പനിയുമായി വിതരണത്തിന് കരാര്‍ ഒപ്പിടാനുമാണ് ശ്രമം. ഒപ്പം സംസ്ഥാനത്തെ മുഴുവന്‍ വൈദ്യുതി ഉല്പാദന കേന്ദ്രങ്ങളിലെയും ഉല്പാദനം കൂട്ടാനും ശ്രമം നടക്കുന്നു.