Thursday, May 16, 2024
keralaNewsObituary

പ്രശസ്ത നാടകകൃത്തും നടനും സംവിധായകനും എഴുത്തുകാരനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു.

പ്രശസ്ത നാടകകൃത്തും നടനും സംവിധായകനും എഴുത്തുകാരനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു. 51 വയസ് ആയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തുവച്ചാണ് മരണം. മോഹന്‍ലാലും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഛായാമുഖി എന്ന നാടകമാണ് ഏറ്റവും ശ്രദ്ധ നേടിയ വര്‍ക്ക്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് അടക്കമുള്ള പുരസ്‌കാരങ്ങള്‍ ഈ നാടകത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി ഇന്ത്യന്‍ നാടക രംഗത്തെ സജീവ സാന്നിധ്യമാണ്.തിരുവനന്തപുരത്തെ വെള്ളായണിയില്‍ 1972 ജൂലൈ 16 നാണ് പ്രശാന്ത് നാരായണന്റെ ജനനം. കഥകളി സാഹിത്യകാരന്‍ വെള്ളായണി നാരായണന്‍ നായരാണ് അച്ഛന്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിലും തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലുമായി ആയിരുന്നു വിദ്യാഭ്യാസം. പതിനേഴാം വയസില്‍ ഭാരതാന്തം എന്ന പേരില്‍ ആട്ടക്കഥയെഴുതി ചിട്ടപ്പെടുത്തി. മകരധ്വജന്‍, മഹാസാഗരം, മണികര്‍ണ്ണിക, ചിത്രലേഖ, കറ, അരചചരിതം തുടങ്ങി മുപ്പതോളം നാടകങ്ങള്‍ എഴുതി. നിഴല്‍ എന്ന സിനിമയിലും അഭിനയിച്ചു. മഹാഭാരതത്തില്‍ ഹിഡുംബിക്ക് ഭീമന്‍ സമ്മാനിക്കുന്ന ഛായാമുഖി എന്നുപേരായ ഒരു കണ്ണാടിയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഛായാമുഖിയുടെ പ്രമേയപരിസരം. മഹാഭാരതത്തില്‍ ഇല്ലാത്ത ഛായാമുഖി പ്രശാന്തിന്റെ ഭാവനയായിരുന്നു.