Friday, April 26, 2024
keralaNews

മണ്ണെണ്ണ വിഹിതം 30% വെട്ടിക്കുറച്ചു…

സംസ്ഥാന സര്‍ക്കാരിനു ഗുരുതര വീഴ്ച സംഭവിച്ചതിനെ തുടര്‍ന്ന്, റേഷന്‍ കടകളില്‍ വിതരണം ചെയ്യേണ്ട മണ്ണെണ്ണ വിഹിതം 30% വെട്ടിക്കുറച്ചു കേന്ദ്രത്തിന്റെ ഉത്തരവ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 92.64 ലക്ഷം ലീറ്റര്‍ മണ്ണെണ്ണ സംസ്ഥാനത്തിനു ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ 64.80 ലക്ഷം ലീറ്റര്‍ മാത്രം അനുവദിച്ചുള്ള ഉത്തരവാണ് ഇന്നലെ പുറപ്പെടുവിച്ചത്.റേഷന്‍ കാര്‍ഡ് ഉടമകളില്‍ വൈദ്യുതീകരിക്കാത്ത വീടുകളില്‍ കഴിയുന്നവര്‍ക്കു 4 ലീറ്ററും വൈദ്യുതീകരിച്ച വീടുകളില്‍ കഴിയുന്നവര്‍ക്ക് അര ലീറ്ററും മണ്ണെണ്ണയാണു മാസം ലഭിക്കേണ്ടത്. ഇപ്പോഴത്തെ സ്ഥിതിയില്‍ ഇവര്‍ക്ക് ഒരു മാസത്തെയെങ്കിലും മണ്ണെണ്ണ നഷ്ടമാകും. സംസ്ഥാനത്തിന്റെ മണ്ണെണ്ണ വിഹിതം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടു ഡിസംബര്‍ അവസാനവാരം കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനു കത്തു നല്‍കണമായിരുന്നു.

സംസ്ഥാന സിവില്‍ സപ്ലൈസ് ഡയറക്ടര്‍ തയാറാക്കിയ കത്ത് മന്ത്രി പി.തിലോത്തമന്റെ ഓഫിസില്‍ എത്തിയിട്ട് ഏറെ നാളായി. എന്നാല്‍ ഈ കത്ത് ഇനിയും സെക്രട്ടേറിയറ്റില്‍ നിന്നു ഡല്‍ഹിയിലേക്ക് അയച്ചിട്ടില്ല. തിലോത്തമന്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ ഒപ്പിടാന്‍ കഴിഞ്ഞില്ലെന്നാണ് ഇന്നലെ മന്ത്രിയുടെ ഓഫിസില്‍ നിന്നു സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച മറുപടി.ആലപ്പുഴയിലെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിച്ച് ഒപ്പിട്ട് അയയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ക്വോട്ട നിശ്ചയിച്ച് ഉത്തരവ് ഇറങ്ങിയ സാഹചര്യത്തില്‍ ഇനി കത്തു കിട്ടിയിട്ടു കാര്യമില്ലെന്നു പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയോ മന്ത്രിയോ പെട്രോളിയം മന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ട ശേഷം മാത്രമേ ക്വോട്ട പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യുകയുള്ളൂവെന്നും അറിയിച്ചിട്ടുണ്ട്.