Friday, May 3, 2024
keralaLocal NewsNews

മണ്ണിടിച്ചില്‍; രണ്ട് വീടുകള്‍ ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയില്‍

തിരുവനന്തപുരം: മലയിന്‍കീഴ് കരിപ്പൂരില്‍ മണ്ണിടിച്ചില്‍. ഇതിനെ തുടര്‍ന്ന് രണ്ട് വീടുകള്‍ ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. മണ്ണിടിച്ചിലില്‍ 50 അടി ഉയരമുള്ള കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെയാണ് വീടുകള്‍ അപകടാവസ്ഥയിലായത്. വീടുകള്‍ അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രി വലിയ ശബ്ദം കേട്ടതോടെ കുടുംബം പുറത്തേക്കോടി രക്ഷപ്പെട്ടു. അടുത്ത ദിവസം നാട്ടുകാരുടെ സഹായത്തോടെ വീട്ടിലെ സാധനങ്ങള്‍ സുരക്ഷിതമായി പുറത്തെത്തിച്ചതായി വീട്ടുകാര്‍ പറഞ്ഞു.

കോട്ടയം സ്വദേശിയും പ്രവാസിയുമായ കോടങ്കണ്ടത്ത് വര്‍ഗിസ് ചാക്കോ, ഉദയഗിരിയില്‍ സി ഗോപിനാഥ് എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലുള്ളത്. ചാക്കോയുടെ വീടിന്റെ പിന്‍ വശത്തെ കോണ്‍ക്രീറ്റ് ഭിത്തിയും മതിലും ശുചിമുറിയും തകര്‍ന്നു. ഗോപിനാഥന്റെ വീടിന് ചേര്‍ന്നുള്ള ഭാഗത്താണ് മണ്ണിടിഞ്ഞത്. ഇതിനു പുറമെ സമീപത്തെ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത വീടിന്റെ സംരക്ഷണ ഭിത്തിയും അപകടാവസ്ഥയിലാണ്. മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് റവന്യൂ, അഗ്‌നിശമന സേന, പോലീസ് എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തില്‍ ജില്ലാ കളക്ടര്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ചാക്കോ 40 ലക്ഷം നല്‍കി വാങ്ങിയ വീടാണ് അപകടാവസ്ഥയിലായത്. ഒന്നര വര്‍ഷം മുന്‍പാണ് ഇയാള്‍ വീട് വാങ്ങിയത്.