Friday, April 26, 2024
indiaNews

നോട്ട് നിരോധനം സാധുവെന്ന് സുപ്രിംകോടതി.

നോട്ട് നിരോധനം ശരിവച്ച് സുപ്രീംകോടതി.നോട്ടുനിരോധനം ചോദ്യം ചെയ്യുന്ന 58 ഹര്‍ജികളിലാണു സുപ്രീംകോടതി നിര്‍ണായക വിധി പ്രഖ്യാപിച്ചത്.അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ 4 ജഡ്ജിമാര്‍ തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ ഒരാള്‍ മാത്രം വിയോജിപ്പ് പ്രകടിപ്പിച്ചു.നോട്ട് പിന്‍വലിച്ച കേന്ദ്ര ഭരണ നടപടിയെ തെറ്റിദ്ധരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ് വിധി പ്രസ്താവത്തില്‍ പറഞ്ഞു.കേന്ദ്രസര്‍ക്കാര്‍ ഉചിതമായിട്ടുള്ള നടപടികള്‍ കൈക്കൊണ്ടാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. കേസ് പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചില്‍ നാല് ജഡ്ജിമാരും കേന്ദ്രസര്‍ക്കാരിന് അനുകൂലമായി വിധി പറഞ്ഞപ്പോള്‍ ജസ്റ്റിസ് നാഗരത്ന മാത്രമാണ് ഭിന്ന വിധി പുറപ്പെടുവിച്ചത്.
2016 നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രിംകോടതിയുടെ പരിഗണിച്ചത്. സാമ്പത്തിക വിഷയങ്ങളില്‍ ഇടപെടാനുള്ള സുപ്രിംകോടതിയുടെ അവകാശം പരിമിതമാണെന്ന് അടക്കം ഹര്‍ജ്ജികളെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.കേന്ദ്രസര്‍ക്കാരിനെയും ആര്‍ബിഐയെയും അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുമാണ് പ്രതിനിധികരിച്ചത്. മുന്‍ ധനമന്ത്രി കൂടിയായ മുതിര്‍ന്ന അഭിഭാഷകന്‍ പി ചിദംബരം, ശ്യാം ദിവാന്‍ അടക്കമുള്ളവര്‍ ഹര്‍ജ്ജിക്കാര്‍ക്ക് വേണ്ടി ഹാജരായി. സി.പി.ഐ, ത്യശൂര്‍, ഇടുക്കി ജില്ലാ സഹകരണബാങ്കുകള്‍, പാപ്പിനിശ്ശേരി മൗവ്വചേരി മാടായ് സര്‍വ്വീസ് സഹകരണബാങ്കുകള്‍ ഉള്‍പ്പെടെ 58 വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളുമാണ് ഹര്‍ജ്ജിക്കാര്‍.ജസ്റ്റിസ് എസ്.അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ഭരണ ഘടനാ ബഞ്ചില്‍ ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, . ജസ്റ്റിസ് വി.രാമസുബ്രഹ്‌മണ്യന്‍, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരാണ് മറ്റ് അംഗങ്ങള്‍.