Saturday, May 4, 2024
keralaNews

ഭര്‍ത്താവും കുടുംബവും തന്നെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്ന്  മരിക്കും മുന്‍പ് യുവതി സഹോദരന് അയച്ച ഓഡിയോ പുറത്ത്.

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്തു. പയ്യന്നൂര്‍ കോറോം സ്വദേശിനി സുനിഷ (26) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഭര്‍ത്താവും കുടുംബവും തന്നെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്ന് പെണ്‍കുട്ടി സഹോദരന് അയച്ച സന്ദേശത്തില്‍ പറയുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ ഗാര്‍ഹിക പീഡനം നേരിട്ടെന്ന യുവതിയുടെ ഓഡിയോ സന്ദേശം പുറത്തു വന്നിട്ടുണ്ട്. ഭര്‍ത്താവ് വിജീഷും മാതാപിതാക്കളും നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നാണ് ഓഡിയോ സന്ദേശത്തില്‍ സുനിഷ പറയുന്നത്.സഹോദരന് അയച്ച ഓഡിയോ സന്ദേശത്തിലാണ് ഭര്‍ത്താവിനെതിരായ യുവതിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്. ഭര്‍ത്താവ് വിജീഷ് എല്ലാ ദിവസവും തന്നെ മര്‍ദ്ദിക്കാറുണ്ടെന്ന് യുവതി പറയുന്നു. ഭര്‍ത്താവിന്റെ മാതാപിതാക്കളും മര്‍ദ്ദിക്കാറുണ്ട്. കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നത് ഓഡിയോയില്‍ വ്യക്തമാണ്.ഭര്‍ത്താവ് വിജീഷിന്റെ വീട്ടില്‍ സുനിഷയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍തൃഗൃഹത്തിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സുനിഷയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഓഡിയോ പുറത്തുവരുന്നത്. ഒന്നര വര്‍ഷം മുന്‍പായിരുന്നു സുനിഷയുടേയും വിജീഷിന്റെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇതിന് ശേഷം മാതാപിതാക്കള്‍ സുനിഷയുമായി അകല്‍ച്ചയിലായിരുന്നു. വിവാഹ ശേഷം വിജീഷും കുടുംബാംഗങ്ങളും സുനിഷയെ പീഡിപ്പിച്ചിരുന്നു. പീഡനം അസഹനീയമായതോടെ സുനിഷ അമ്മയുടെ സഹോദരിയെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ബന്ധുക്കള്‍ നിരവധി തവണ സുനിഷയെ കാണാന്‍ ശ്രമിച്ചെങ്കിലും ഭര്‍തൃവീട്ടുകാര്‍ കാണിക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് വിജീഷിന്റെ വീട്ടുകാര്‍ക്കെതിരെ സുനിഷയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പോലീസ് നടപടി സ്വീകരിക്കാതെ ഇരു വീട്ടുകാരെയും വിളിച്ചുവരുത്തി അനുനയിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ചെയ്തത്. ഇതിനു പിന്നാലെ വീണ്ടും തന്നെ അടിച്ചുവെന്നാണ് യുവതി തന്റെ ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.