Tuesday, April 23, 2024
keralaNews

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ദേവസ്വം ബോര്‍ഡ് അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്നു സേവ സമാജം.

അയ്യപ്പഭക്തന്മാരെ കൊള്ളപ്പലിശക്കാരെ പോലെ ചൂഷണം ചെയ്ത് ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നതെന്ന് ശബരിമല അയ്യപ്പസേവാ സമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ പറഞ്ഞു.ദേവസ്വം ബോര്‍ഡിന് അയ്യപ്പ ഭക്തന്മാരുടെ ആരോഗ്യമോ ആചാരമോ പ്രശ്‌നമല്ല. അവര്‍ക്കു പണം വേണം.അതിനു വേണമെങ്കില്‍ ശബരിമലയെ വില്‍ക്കാനും ഇവര്‍ തയ്യാറാകും.ഒരു ഭാഗത്തു അയ്യപ്പന്മാരെ ശബരിമലയിലേക്ക് ക്ഷണിക്കുന്ന ദേവസ്വം ബോര്‍ഡ് മറുഭാഗത്തു കൊവിഡ് സാഹചര്യത്തില്‍ സുരക്ഷിതരായി വീട്ടിലിരുന്നു കൊണ്ട് 450 രൂപ അടച്ചാല്‍ പോസ്റ്റലായി പ്രസാദം വാങ്ങുവാനും പരസ്യം കൊടുക്കുകയാണ്.ശബരിമലയുടെ താത്പര്യങ്ങളെ കുറിച്ച് അവര്‍ക്കു വേവലാതിയില്ല.തീര്‍ത്ഥാടനത്തെ അട്ടിമറിക്കുന്നത് ദേവസ്വം ബോര്‍ഡാണെന്നും എന്നാല്‍ ദേവസ്വം മന്ത്രിയെയും കൂട്ട് പിടിച്ച് അത് ഹൈന്ദവ നേതാക്കളുടെ മേല്‍ കെട്ടിവെക്കുവാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തീര്‍ത്ഥാടന കാലത്തുള്ള വരുമാനം മാത്രം ആശ്രയിച്ചാണ് ദേവസ്വം ബോര്‍ഡ് നിലകൊള്ളുന്നത് എന്ന് പല തവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള ദേവസ്വം ഭാരവാഹികള്‍ ഇപ്പോഴും അതു പ്രതീക്ഷിക്കുകയാണ്. പടിപൂജയും ഉദയാസ്തമയ പൂജയും എല്ലാം ഇപ്പോള്‍ നിത്യേന നടത്തുകയാണ്.ഒന്നില്‍ കൂടുതല്‍ ഭക്തന്മാരെ അതില്‍ പങ്കാളികളാക്കി അവരോട് എല്ലാവരോടും നിശ്ചിത തുക വാങ്ങി കൂട്ടുകയാണ്.ഇതെല്ലാം ശബരിമല തീര്‍ത്ഥാടനത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കുന്ന രീതിയാണ്. അയ്യപ്പനില്‍ വിശ്വാസമര്‍പ്പിച്ചു കോടിക്കണക്കിനു ഭക്തന്മാര്‍ ക്ഷമയോടെ കാത്തിരിക്കുമ്പോള്‍ അവരെയെല്ലാം വെല്ലു വിളിക്കുന്ന നീക്കങ്ങളാണ് ബോര്‍ഡിന്റെ ഭാഗത്തു നിന്നും വന്നു കൊണ്ടിരിക്കുന്നത്. ഇത് അത്യന്തം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.