Monday, May 6, 2024
EntertainmentkeralaNewsObituary

ഭക്തിഗാനങ്ങളാല്‍ ആസ്വാദകലോകത്തെ തഴുകിയ പ്രതിഭ; ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു

തൃശൂര്‍: ഭക്തിഗാനങ്ങളാല്‍ ആസ്വാദകലോകത്തെ തഴുകിയ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (86) അന്തരിച്ചു. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു.                               

കഴിഞ്ഞ ദിവസം രാത്രിയോടെ തൃശ്ശൂര്‍ അമല ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്.

‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം’, ‘ഗുരുവായൂര്‍ ഓമനക്കണ്ണനാമുണ്ണിക്ക് ചില നേരമുണ്ടൊരു കള്ളനോട്ടം’ തുടങ്ങിയ പ്രശസ്തമായ ഭക്തിഗാനങ്ങള്‍ അദ്ദേഹം രചിച്ചവയാണ്.

മൂവായിരത്തോളം ഭക്തിഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. ഗുരുവായൂര്‍, ചൊവ്വല്ലൂര്‍ ക്ഷേത്രങ്ങളിലെ പാരമ്പര്യ കഴകപ്രവൃത്തിയുള്ള ഗുരുവായൂര്‍ ചൊവ്വല്ലൂര്‍ വാരിയത്ത് കുടുംബാംഗമാണ്.

ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നടന്‍, ഹാസ്യസാഹിത്യകാരന്‍, നാടകകൃത്ത്, കലാനിരൂപകന്‍ എന്നിങ്ങനെ സാഹിത്യലോകത്ത് തന്റേതായ വ്യക്തിമുദ്രചാര്‍ത്തിയ പ്രതിഭയായിരുന്നു ചൊവ്വല്ലൂര്‍.

ഹാസ്യ സാഹിത്യകാരനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മികച്ച നാടകഗാന രചയിതാവിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, ഗുരുവായൂര്‍ തിരുവെങ്കിടാചലപതി പുരസ്‌കാരം,

കേരള കലാമണ്ഡലം മുകുന്ദരാജാ സ്മൃതി പുരസ്‌കാരം, പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം, രേവതി പട്ടത്താനം പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

ആകാശവാണി സ്റ്റാഫ് ആര്‍ട്ടിസ്റ്റ്, കേരള കലാമണ്ഡലം വൈസ് ചെയര്‍മാന്‍, സംഗീതനാടക അക്കാദമി അംഗം,

സാഹിത്യ അക്കാദമി അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.