Monday, May 6, 2024
EntertainmentindiakeralaNews

മമ്മൂട്ടി എന്ന സൂപ്പര്‍ സ്റ്റാറിന്റെ യാത്രയുടെ തുടക്കം കുറിച്ച കഥ

‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമ മലയാളത്തില്‍ പുറത്തിറങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്ന വേളയാണിത്. അതുമാത്രമല്ല, ഈ ദിവസം മലയാള സിനിമയില്‍ ഒരു പുത്തന്‍ താരോദയം ഉണ്ടായതിന്റെ വാര്‍ഷികം കൂടിയാണ്.

അടുത്തിടെ ആ ഓര്‍മ്മയുടെ ഒരു ഭാഗം സോഷ്യല്‍ മീഡിയയില്‍ അലയടിച്ചിരുന്നു. നടന്‍ ബഹദൂറിനൊപ്പം ഒരു ഷോട്ടില്‍ നില്‍ക്കുന്ന യുവാവിന്റെ ചിത്രമായിരുന്നു അത്. അന്ന് ആ അഭിനേതാവിന്റെ മുഖമോ പേരോ ഒന്നും തന്നെ പ്രേക്ഷകര്‍ അറിഞ്ഞിരുന്നില്ല. ഇന്നും ആ ചിത്രത്തിന്റെ അഭിനേതാക്കളുടെ പട്ടിക പരിശോധിച്ചാല്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഇന്ന് മലയാളി നെഞ്ചിലേറ്റിയ ആ പേര് കാണാം. പിന്നീട് കുറച്ചുകാലം സജിന്‍ എന്ന പേരില്‍ ആ നടന്‍ സിനിമയില്‍ നിറഞ്ഞു. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയുടെ ഓരോ വാര്‍ഷികവും രേഖപ്പെടുത്തുന്നത് മെഗാ സ്റ്റാര്‍ മമ്മൂട്ടി അഭിനയജീവിതം കുറിച്ചതിന്റെ നാള്‍വഴികള്‍ കൂടിയാണ്. 1987 ലെ ന്യൂഡല്‍ഹിയോടെ മെഗാ സ്റ്റാര്‍ പട്ടം തേടിയെത്തിയ മമ്മുക്കയുടെ സിനിമാ ജീവിതത്തിനും അരനൂറ്റാണ്ട് പിന്നിടുന്നു. സജിന്‍ എന്ന പേരില്‍ നിന്നും മുഹമ്മദ്കുട്ടി മമ്മൂട്ടിയായി പരിണമിച്ചത് മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കുന്ന അസുലഭമുഹൂര്‍ത്തത്തിന് ആരംഭമാവുകയായിരുന്നു.

അനുഭവങ്ങള്‍ പാളിച്ചകള്‍ക്കു ശേഷം ഇറങ്ങിയ കാലചക്രത്തിലും വേഷമിട്ടുകഴിഞ്ഞാണ് നായക നടനിലേക്കുള്ള മമ്മൂട്ടിയുടെ കാല്‍വയ്പ്പ്.

1979 ല്‍ എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ‘ദേവലോകം’ മമ്മൂട്ടിയെ നായകനാക്കി. പക്ഷെ ഈ ചിത്രം ഒരിക്കലും പുറത്തെത്തിയില്ല. പിന്നീട് എം.ടി. തിരക്കഥയൊരുക്കിയ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന സിനിമയാണ് മമ്മൂട്ടിയെ പ്രധാനനടന്‍ എന്ന് രേഖപ്പെടുത്തി തുടങ്ങിയത്. സുകുമാരനായിരുന്നു സിനിമയിലെ നായകന്‍.

തമിഴ് സിനിമയില്‍ മൗനം സമ്മതം (1990), തെലുങ്ക് സിനിമയില്‍ സ്വാതി കിരണം (1992), ബോളിവുഡില്‍ ത്രിയാത്രി എന്നിവയിലൂടെ മമ്മൂട്ടി അരങ്ങേറ്റം കുറിച്ചു. എങ്കിലും ഹിന്ദിയില്‍ നായകനായി അരങ്ങേറ്റം നടത്തിയത് ധര്‍തിപുത്രയിലാണ് (1993). ദ്വിഭാഷാ ചിത്രമായ ശിക്കാരി (2012) യിലൂടെ അദ്ദേഹം കന്നഡ സിനിമയില്‍ തുടക്കമിട്ടു. ഡോ. ബാബാസാഹേബ് അംബേദ്കര്‍ (2000) എന്ന ഇന്ത്യന്‍-ഇംഗ്ലീഷ് സിനിമയിലും അദ്ദേഹം അഭിനയിച്ചു.

മമ്മൂട്ടി മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ഏഴ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും 13 ഫിലിംഫെയര്‍ അവാര്‍ഡുകളും 11 കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളും നേടിയിട്ടുണ്ട്. 1998 ല്‍, ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്‍ഡ്യന്‍ ചലച്ചിത്ര വ്യവസായത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് മമ്മൂട്ടിക്ക് നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. 2010 ല്‍ കോഴിക്കോട് സര്‍വകലാശാലയും കേരള സര്‍വകലാശാലയും അദ്ദേഹത്തിന് ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം നല്‍കി.