Wednesday, May 22, 2024
keralaNews

ഇന്ന് ഈസ്റ്റര്‍.

യേശുദേവന്റെ ഉയിര്‍പ്പിനെ അനുസ്മരിച്ച് ലോകമെമ്പാടും ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ ദേവാലയങ്ങളിലും പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടന്നു. വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ 200 വിശ്വാസികളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു ഇത്തവണത്തെ ഈസ്റ്റര്‍ ശുശ്രൂഷ.
ഉയര്‍ത്തെഴുന്നേറ്റ യേശുക്രിസ്തു നല്‍കുന്ന പുതുജീവന് തകര്‍ന്ന ഹൃദയങ്ങളില്‍ നിന്ന് മനോഹരശില്‍പങ്ങളുണ്ടാക്കാനും മാനവികതയുടെ അവശിഷ്ടങ്ങളില്‍ നിന്ന് പുതുചരിത്രം സൃഷ്ടിക്കാനും കഴിയുമെന്ന് മാര്‍പ്പാപ്പ പറഞ്ഞു.

പലവിധത്തില്‍ തകര്‍ന്ന മനുഷ്യരെ കൈപിടിച്ച് ഉയര്‍ത്തുകയാണ് ഉയിര്‍പ്പിന്റെ സന്തോഷത്തില്‍ വിശ്വാസികള്‍ ചെയ്യേണ്ടതെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. പാവങ്ങളിലേക്കും, രോഗികളിലേക്കും കരങ്ങള്‍ നീട്ടികൊണ്ട് വേണം സന്തോഷം പങ്കുവയ്‌ക്കേണ്ടതെന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മിപ്പിച്ചു. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ നടന്ന ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചകൊണ്ടായിരുന്ന ഉയിര്‍പ്പ് കുര്‍ബാന.

പരുമല പള്ളിയില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് യു.കെ യൂറോപ്പ്- ആഫ്രിക്ക ഭദ്രാസനാധിപനും ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് പ്രധാന കാര്‍മികത്വം വഹിച്ചു. പാളയം സെന്റ് ജോസഫ്‌സ് മെട്രോപോളിറ്റന്‍ കത്തീഡ്രലില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.