Thursday, May 2, 2024
NewsSports

ബ്രസീല്‍ – അര്‍ജന്റീന ഫൈനല്‍; ലോക ഫുട്‌ബോളിലെ ‘എല്‍-ക്ലാസിക്കോ’യില്‍ വിജയി ആര്

കോപ്പ അമേരിക്കയില്‍ ആവേശക്കടലിരമ്പം. കോപ്പ അമേരിക്ക കിരീടപ്പോരാട്ടം ആവേശകരമായ ഫിനിഷിലേക്കാണ് എത്തി നില്‍ക്കുന്നത്. യൂറോ കപ്പിനിടയില്‍പ്പെട്ട് കോപ്പയുടെ ആവേശം ഒന്ന് മങ്ങിയെങ്കിലും ക്ലൈമാക്‌സില്‍ കോപ്പയുടെ ഉയിര്‍ത്തെഴുന്നനില്പിനാണ് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ലോക ഫുട്‌ബോളിലെ എല്‍-ക്ലാസ്സിക്കോ പോരാട്ടത്തിനാണ് കോപ്പ വേദിയാകാന്‍ പോകുന്നത്. ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 5:30ന് വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഈ പോരാട്ടത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ചിരവൈരികളായ അര്‍ജന്റീനയും ബ്രസീലും ഫൈനലില്‍ ഏറ്റുമുട്ടും എന്നുറപ്പായതോടെയാണ് കോപ്പയില്‍ ആവേശം വീണ്ടും നിറഞ്ഞത്. ഇരു ടീമുകള്‍ക്കും ലോകമെമ്പാടുമുള്ള ആരാധകരുടെ കണക്കെടുക്കുമ്പോള്‍ ആവേശം നിറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇരു ടീമുകളും ഏറ്റുമുട്ടിയ മത്സരങ്ങള്‍ എല്ലാം തന്നെ അങ്ങേയറ്റം വീറും വാശിയും നിറഞ്ഞ മത്സരങ്ങള്‍ ആയിരുന്നു. ഒരു മേജര്‍ ടൂര്‍ണമെന്റില്‍ ബ്രസീല്‍ അര്‍ജന്റീന ഫൈനല്‍ പോരാട്ടത്തിനായി ആരാധകരും നാളേറെയായി കാത്തിരിക്കുന്നു. ഒടുവില്‍ ഒരു പതിറ്റാണ്ടിനിപ്പുറം അവരുടെ ആഗ്രഹം സാധ്യമാകാന്‍ പോകുന്നു. 2007ല്‍ നടന്ന കോപ്പ അമേരിക്ക ഫൈനല്‍ പോരാട്ടത്തില്‍ ബ്രസീല്‍ അര്‍ജന്റീനയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തുവിട്ട മത്സരത്തിന് ശേഷം ഇപ്പോഴാണ് മറ്റൊരു കലാശ പോരാട്ടത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. നോക്കൌട്ട് മത്സരങ്ങളിലും സൗഹൃദ മത്സരങ്ങളിലും ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ടായിരുന്നു എങ്കിലും ഫൈനലില്‍ കണ്ടുമുട്ടാനുള്ള അവസരം ഒരുങ്ങിയത് ഇപ്പോഴാണ്. ഇരുവരും അവസാനം നേര്‍ക്കുനേര്‍ വന്ന മത്സരം 2019 കോപ്പ സെമി ഫൈനലായിരുന്നു. അന്ന് വിജയം കാനറികള്‍ക്കൊപ്പമായിരുന്നു.

ആദ്യ കാലങ്ങളില്‍ നേര്‍ക്കുനേര്‍ വന്ന ഫൈനലുകളിലെല്ലാം ബ്രസീലിന് മേല്‍ വ്യക്തമായ ആധിപത്യം അര്‍ജന്റീനക്കായിരുന്നു. പക്ഷെ തൊണ്ണൂറുകള്‍ക്ക് ശേഷം ശേഷം നടന്ന ഫൈനലുകളില്‍ ബ്രസീലിനെ വീഴ്ത്താനായിട്ടില്ല എന്നത് അവരുടെ മനസ്സില്‍ ഒരു മുറിപ്പാടായി അവശേഷിക്കുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും നേര്‍ക്കുനേര്‍ വന്ന കോപ്പ ഫൈനലുകളിലെ കണക്കുകള്‍ അര്‍ജന്റീനക്കൊപ്പമാണ്. പത്ത് ഫൈനലുകളില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ എട്ടിലും വിജയം അര്‍ജന്റീനക്കൊപ്പമായിരുന്നു. തൊണ്ണൂറുകള്‍ക്ക് ശേഷം നടന്ന രണ്ട് ഫൈനലുകളില്‍ മാത്രമാണ് ബ്രസീലിന് വിജയിക്കാനായത്. ആകെയുള്ള കോപ്പ വിജയങ്ങളുടെ കണക്കെടുത്താലും അര്‍ജന്റീനയാണ് മുന്നില്‍. 14 തവണ അര്‍ജന്റീന കിരീടം നേടിയപ്പോള്‍ ബ്രസീലിന് കപ്പടിക്കാന്‍ കഴിഞ്ഞത് ഒന്‍പത് തവണയാണ്.

പക്ഷെ ഈ കണക്കുകള്‍ക്ക് ഒക്കെ വളരെ പഴക്കമുണ്ട്. തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള കളിക്കണക്കുകള്‍ നോക്കുകയാണെങ്കില്‍ അര്‍ജന്റീനക്ക് നിരാശയാകും ഫലം. 91ലും 93ലും കിരീടം നേടിയ ശേഷം അര്‍ജന്റീനക്ക് കോപ്പ അമേരിക്ക കിട്ടാക്കനിയാണ്. അതേസമയം തൊണ്ണൂറുകള്‍ക്ക് ശേഷം ബ്രസീല്‍ ടീമിന്റെ കരുത്ത് വര്‍ധിക്കുന്നതായാണ് കാണാന്‍ കഴിയുക. 1989 തൊട്ട് 2019 വരെയുള്ള കണക്കെടുത്താല്‍ ഇതില്‍ ബ്രസീല്‍ കോപ്പ കിരീടം നേടിയത് ആറു തവണയാണ്. നിലവിലെ ചാമ്പ്യന്മാരാണ് അവര്‍ എന്നത് കൂടി ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കാം. അര്‍ജന്റീന പക്ഷെ ഇക്കാലയളവില്‍ നാല് വട്ടമാണ് ഫൈനലില്‍ വീണത്. അതുകൊണ്ട് അവരുടെ മികവ് പൂര്‍ണമായും നഷ്ടപ്പെട്ടു എന്ന് നമുക്ക് പറയാന്‍ കഴിയില്ല.ബ്രസീല്‍ നിരയില്‍ സൂപ്പര്‍ താരം നെയ്മറാണെങ്കിലും ഒരു ടീം എന്ന നിലയിലാണ് അവര്‍ മുന്നേറുന്നത്. ഒരു കൂട്ടം മികച്ച താരങ്ങളാണ് അവര്‍ക്ക് സ്വന്തമായുള്ളത്. അതുകൊണ്ട് തന്നെ ഒരു താരത്തെ കേന്ദ്രീകരിച്ചുള്ള കളിയല്ല അവരുടേത്. തികച്ചും ആധികാരികമായ കളി പുറത്തെടുത്ത് കൊണ്ടാണ് അവര്‍ ഈ ഫൈനലിന് യോഗ്യത നേടിയത്.

മറുവശത്ത് അര്‍ജന്റീനയാവട്ടെ ലയണല്‍ മെസ്സി എന്ന കേന്ദ്രബിന്ദുവിനെ ചുറ്റിപ്പറ്റിയാണ് കളിക്കുന്നത്. മെസ്സിയെക്കൂടാതെ മികച്ച താരങ്ങള്‍ വേറെയുണ്ടെങ്കിലും മിക്കപ്പോഴും മെസ്സിയുടെ പ്രകടനത്തെ ആശ്രയിച്ചാണ് അവര്‍ മുന്നേറുന്നത്. ഈ ടൂര്‍ണമെന്റില്‍ മെസ്സി തകര്‍പ്പന്‍ ഫോമില്‍ മുന്നേറുന്നു എന്നത് തന്നെയാണ് അര്‍ജന്റീനയുടെയും മുന്നേറ്റത്തിന്റെ കാരണം.

തന്റെ രാജ്യാന്തര കരിയറില്‍ അര്‍ജന്റീനക്കൊപ്പം ഒരു കിരീടമില്ല എന്ന കുറവ് നികത്താന്‍ ഉറച്ച് തന്നെയാണ് മെസ്സി ഇറങ്ങുക. തങ്ങളുടെ പ്രിയ ക്യാപ്റ്റന് കിരീടം നേടിക്കൊടുക്കാന്‍ ഉറച്ച് തന്നെയാണ് അര്‍ജന്റീന താരങ്ങളും നില്‍ക്കുന്നത്. മറുവശത്ത് കിരീടം നിലനിര്‍ത്താന്‍ നെയ്മറും സംഘവും ഇറങ്ങുമ്പോള്‍ അങ്ങേയറ്റം നിലവിലെ കണക്കുകള്‍ എല്ലാം തന്നെ നിഷ്പ്രഭമാകുമെന്ന് ഉറപ്പാണ്. മനോഹരമായ കളി കാഴ്ചവെക്കുന്ന ടീം കിരീടം നേടട്ടെ എന്ന് ആശിക്കാം.