Friday, April 19, 2024
EntertainmentkeralaNewspolitics

രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമേ സിനിമ അഭിനയത്തിലും ഒരു കൈ നോക്കാനായി രമേശ് ചെന്നിത്തല

രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമേ സിനിമ അഭിനയത്തിലും ഒരു കൈ നോക്കാനായി ഹരിപ്പാട് ഗ്രാമപഞ്ചായത്തിലൂടെ അരങ്ങേറ്റം നടത്താന്‍ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് എംഎല്‍എയായ ചെന്നിത്തല അഭിനയിക്കുന്ന ചിത്രത്തിന്റ പേരാണ് ഹരിപ്പാട് ഗ്രാമപഞ്ചായത്ത്. രാഷ്ട്രീയ നേതാവായിത്തന്നെയാണ് ചെന്നിത്തല സിനിമയിലുമെത്തുന്നത്. രാജ്മോഹന്‍ ഉണ്ണിത്താന്‍, പന്ന്യന്‍ രവീന്ദ്രന്‍, പിസി ജോര്‍ജ് തുടങ്ങിയവര്‍ക്ക് പിന്നാലെ വെള്ളിത്തിരയിലും രാഷ്ട്രീയ രംഗത്തും ഡബിള്‍ റോളിന് രമേശ് ചെന്നിത്തലയും തയ്യാറായിക്കഴിഞ്ഞു.

നിഖില്‍ മാധവ് സംവിധാനം ചെയ്യുന്ന ഹരിപ്പാട് ഗ്രാമപഞ്ചായത്തില്‍ മറ്റൊരു സര്‍പ്രൈസ് കൂടിയുണ്ട്. ആലപ്പുഴ എംപി എഎം ആരീഫും ഒരു ഗാനരംഗത്തിലൂടെ ചിത്രത്തില്‍ സാന്നിധ്യം അറിയിക്കുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സിനിമ ചിത്രീകരിക്കാന്‍ അവസരം ലഭിച്ചാല്‍ രമേശ് ചെന്നിത്തലയുള്ള സീനുകള്‍ ആദ്യം ചിത്രീകരിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്. മാതൃഭൂമി ഓണ്‍ലൈനിലൂടെയാണ് നിഖില്‍ മാധവിന്റെ പ്രതികരണം.

ചിത്രത്തില്‍ മൂന്ന് സീനുകളിലാണ് ചെന്നിത്തലയെ കാണാനാകുക. ജനക്കൂട്ടത്തിന്റെ പശ്ചാത്തലത്തില്‍ ജനനായകനായി ചെന്നിത്തല പ്രത്യക്ഷപ്പെടുമെന്നാണ് സൂചന. മമ്മൂട്ടിയുടെ സഹോദരിപുത്രനായ അഷ്‌കര്‍ സൗദാനാണ് സിനിമയിലെ നായകന്‍. എംജി ശ്രീകുമാര്‍ പാടിയ ഗാനത്തിലാണ് എഎം ആരീഫ് പ്രത്യക്ഷപ്പെടുക.