Friday, May 17, 2024
indiaNews

നാസയുടെ ചൊവ്വ ദൗത്യം കൗണ്ട് ഡൗൺ പറഞ്ഞ സ്വാതി മോഹൻ  ഇന്ത്യക്കും അഭിമാനമായി . 

വാഷിംഗ്ടൺ  പെർസിവിറൻസ് ചൊവ്വയിലേക്ക് കുതിച്ചെത്തുമ്പോൾ നാസയിൽ നടന്ന കൗണ്ട് ഡൗണിനിടെ ലോകം ശ്രദ്ധിച്ചത് പൊട്ടു കുത്തിയ സുന്ദരിയായ ഒരു യുവതിയെയാണ്. ഇന്ത്യൻ വംശജയെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ആ യുവതിയെ ലോകമെങ്ങുമുള്ള ഇന്ത്യക്കാരും ശ്രദ്ധിക്കാതിരുന്നില്ല. പ്രോജക്ട് ലീഡർ ഡോ. സ്വാതി മോഹനാണ് ചൊവ്വാ ദൗത്യത്തിന്റെ സുപ്രധാന ചുമതലകൾ വഹിച്ചത്.
ചരിത്ര നിമിഷത്തിന് അമേരിക്ക സാക്ഷ്യം വഹിക്കുമ്പോൾ ഇന്ത്യയ്ക്കും ഈ നേട്ടത്തിൽ സ്വാതിയുടെ പേരിൽ അഭിമാനിക്കാം. ജീവന്റെ തുടിപ്പ് തേടി നാസയുടെ പെർസിവിറൻസ് ചൊവ്വയിൽ ലാൻഡ് ചെയ്തതിനെ കുറിച്ചുള്ള ആദ്യ പ്രഖ്യാപനം നടത്തിയതും ഇന്ത്യൻ വംശജയായ സ്വാതി മോഹനാണ്. ഇന്ത്യൻ സമയം പുലർച്ചെ 2.30നാണ് റോവർ ചൊവ്വയുടെ വടക്കൻ മേഖലയായ ജെസീറോ ക്രേറ്ററിൽ ഇറങ്ങിയത്.
ശാസ്ത്രജ്ഞയായി നാസയിലെത്തി ഏഴ് വർഷത്തിന് മുൻപാണ് നാസയുടെ ചൊവ്വാദൗത്യ പദ്ധതിയുടെ ഭാഗമാകുന്നത്. ബഹിരാകാശ പേടകത്തിലെ ലാൻഡിംഗിന് വേണ്ടിയുള്ള സംവിധാനത്തിന് ആവശ്യമായി നിർദ്ദേശവും നേതൃത്വവും നൽകുകയാണ് സ്വാതിയുടെ ചുമതല. കുട്ടിക്കാലത്ത് സ്റ്റാർ ട്രെക് സീരീസ്‌കണ്ട് പ്രപഞ്ച രഹസ്യങ്ങൾ കണ്ടെത്തണമെന്ന ആഗ്രഹമാണ് തന്നെ നാസയിലെത്തിച്ചതെന്ന് സ്വാതി പറയുന്നു.
ബംഗളൂരു സ്വദേശിയായ സ്വാതിയുടെ കുടുംബം ഒരുവയസുള്ളപ്പോഴാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്. വിദ്യാഭ്യാസമെല്ലാം അമേരിക്കയിലായിരുന്നു. ബംഗളൂരുവിൽ തനിക്ക് വീടുണ്ടെന്നും വർഷത്തിലൊരിക്കൽ അവിടെയെത്താറുണ്ടെന്നും സ്വാതി പറഞ്ഞിട്ടുണ്ട്. നാസയുടെ ശനിയിലേക്കും ചന്ദ്രനിലേക്കുമെല്ലാം നടത്തിയ ഗവേഷണങ്ങളുടേയും പര്യവേഷണങ്ങളുടേയുമെല്ലാം ഭാഗമായിരുന്നു സ്വാതി മോഹൻ.
ആറ്റിറ്റിയൂഡ് കൺട്രോൾ സിസ്റ്റം ടെറെയ്ൻ റിലേറ്റീവ് നാവിഗേഷൻ’ എന്ന നൂതന സാങ്കേതികവിദ്യയാണ് പെർസിവിറൻസിനെ ചൊവ്വയിൽ കൃത്യസ്ഥലത്ത് ഇറക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്. ഇത് വികസിപ്പിച്ചെടുത്ത സംഘത്തിന് നേതൃത്വം നൽകിയത് സ്വാതിയാണ്. നിലവിൽ പെഴ്‌സിവിറൻസ് പദ്ധതിയുടെ ഗൈഡൻസ് കൺട്രോൾ ഓപ്പറേഷൻ വിഭാഗം മേധാവിയാണ് സ്വാതി.