Thursday, May 2, 2024
keralaNews

കാണാതായ പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍ ഹാജരായി

പത്തനംതിട്ട: തിരുവല്ലയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ ഒമ്പതാം ക്ലാസുകാരി തിരുവല്ല പോലീസ് സ്റ്റേഷനില്‍ ഹാജരായി. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് കുട്ടി ഹാജരായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ തൃശൂര്‍ സ്വദേശികളായ അതുല്‍, അഖില്‍ എന്നിവര്‍ പോലീസിന്റെ പിടിയിലായി.

പെണ്‍കുട്ടിയെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം കടന്നുകളയുന്നതിനിടെയായിരുന്നു പ്രതികള്‍ പിടിയിലായത്.  അതുലിനെ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും മൂവാറ്റുപുഴയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാമനായ അഖിലിനെ തൃശ്ശൂര്‍ അന്തിക്കാട് പുത്തന്‍ പീടികയില്‍ നിന്നും ഇന്ന് രാവിലെ ഏഴരയോടെ പിടികൂടുകയായിരുന്നു. പിടിയിലായ ഇരുവരെയും ഉച്ചയോടെ തിരുവല്ല സ്റ്റേഷനില്‍ എത്തിക്കും.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. സ്‌കൂളില്‍ പോയ പെണ്‍കുട്ടി വൈകിട്ട് തിരിച്ചെത്താതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പെണ്‍കുട്ടിയെ കുറിച്ചോ യുവാക്കളെ കുറിച്ചോ വിവരം ലഭിക്കുന്നവര്‍ പോലീസില്‍ ഉടന്‍ വിവരം നല്‍കണമെന്ന് ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.