Friday, May 10, 2024
keralaNewspolitics

ബജറ്റില്‍ പൊതുവിദ്യാഭ്യാസ മേഖലക്ക് 1032.62 കോടി 

തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ പൊതുവിദ്യാഭ്യാസ മേഖലക്ക് 1032.62 കോടി രൂപയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദമാക്കാന്‍ 10 കോടി രൂപയും സ്‌കൂളുകള്‍ സാങ്കേതിക സൗഹൃദമാക്കാന്‍ 27.50 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ 5.15 കോടി രൂപ, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് 14.80 കോടി രൂപ, സ്‌കൂളുകളുടെ ആധുനികവല്‍ക്കരണത്തിന് 33 കോടി രൂപ എന്നിങ്ങനെയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. എല്ലാ ജില്ലയിലും ഓരോ മോഡല്‍ സ്‌കൂള്‍ സജ്ജമാക്കും. സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡിങ് സമ്പ്രദായം കൊണ്ടുവരും. കൂടാതെ അധ്യാപകര്‍ക്ക് ആറുമാസത്തിലൊരിക്കല്‍ റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കും. ഡിഡി, ഡി ഇ ഒ, എ ഇ ഒ, അധ്യാപകര്‍ തുടങ്ങിയവരുടെ പെര്‍ഫോമന്‍സ് വിലയിരുത്തുകയും ചെയ്യും. ആധുനിക സാങ്കേതികവിദ്യകളെ മനസ്സിലാക്കാനുള്ള പദ്ധതികള്‍ക്കായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അതുപോലെ തെന്ന സ്‌കൂള്‍ സൗജന്യ യൂണിഫോം പദ്ധതിക്ക് 15.34 കോടി രൂപ വര്‍ദ്ധിപ്പിച്ച് 155.34 കോടി രൂപ ആക്കി മാറ്റി. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കുള്ള പുതിയ പദ്ധതിക്കായി 50 കോടി രൂപയും കൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 38.50 കോടി രൂപയും ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയ്ക്ക് 75.20 കോടി രൂപയുമാണ് ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയ്ക്ക് 13 കോടി രൂപ, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ പഠിക്കുന്ന സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി രൂപ, എസ് സി ഇ ആര്‍ ടി യ്ക്ക് 21 കോടി രൂപ, എസ് എസ് കെയുടെ സംസ്ഥാന വിഹിതം 55 കോടി രൂപ, സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നുള്ള പദ്ധതിക്ക് 340 കോടി രൂപ, ഉച്ചഭക്ഷണ പദ്ധതിക്ക് ആകെ 382.14 കോടി രൂപ എന്നിങ്ങനെയാണ് പൊതുവിദ്യാഭ്യാസ മേഖലക്കായുളള ബജറ്റ് പ്രഖ്യാപനങ്ങള്‍.