Tuesday, May 14, 2024
keralaNewsObituary

പമ്പ നദിയില്‍ ഒഴുക്കില്‍ പെട്ട 3 പേരുടയും മൃതദേഹങ്ങള്‍ കിട്ടി

പത്തനംതിട്ട: പമ്പ നദിയില്‍ ഒഴുക്കില്‍പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. പത്തനംതിട്ട റാന്നി ചന്തക്കടവിലാണ് സംഭവം. ഉതിമൂട് സ്വദേശി അനില്‍കുമാര്‍, മകള്‍ നിരഞ്ജന, അനിലിന്റെ സഹോദരന്റെ മകന്‍ ഗൗതം എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ റാന്നി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. വൈകുന്നേരം നാല് മണിയോടെയാണ് അപകടം നടന്നത്. സഹോദരന്റെ വീട്ടില്‍ എത്തിയ അനില്‍കുമാറും കുടുംബവും ഗൗതത്തെ കൂട്ടി നദിയില്‍ തുണി നനയ്ക്കാന്‍ എത്തിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്. ആദ്യം ഗൗതമാണ് ഒഴുക്കില്‍പ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗൗതമിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അനില്‍കുമാറും നിരഞ്ജനയും ഒഴുക്കില്‍പ്പെടുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയാണ് മരിച്ച അനില്‍കുമാര്‍. ഗൗതം ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയും നിരഞ്ജന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. മന്ത്രി റോഷി അഗസ്റ്റിന്‍, ആന്റോ ആന്റണി എംപി ഉള്‍പ്പെടെ സ്ഥലത്ത് എത്തിയിരുന്നു.