Wednesday, May 1, 2024
NewsObituarySportsworld

ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ അന്തരിച്ചു

ജര്‍മനി മ്യൂണിക്: ജര്‍മനിക്ക് ലോകകപ്പ് ഫുട്‌ബോള്‍ കിരീടം സമ്മാനിച്ച കളിക്കാരനായും പരിശീലകനുമായ ഇതിഹാസ താരം ഫ്രാന്‍സ് ബെക്കന്‍ ബോവര്‍(78) അന്തരിച്ചു. ഞായറാഴ്ച രാത്രി ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്ന് കുടുംബാംഗങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

1945 സെപ്റ്റംബര്‍ 11നു ജര്‍മനിയിലെ മ്യൂണിക്കില്‍ ജനിച്ച ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ ഫുട്‌ബോളില്‍ ജര്‍മനിയുടെ എക്കാലത്തെയും മികച്ച താരമായാണ് വിലയിരുത്തപ്പെടുന്നത്.കരിയറിന്റെ തുടക്കത്തില്‍ മധ്യനിരയില്‍ കളിച്ചിരുന്ന ബെക്കന്‍ ബോവര്‍ പ്രതിരോധനിരയിലാണ് തിളങ്ങിയത്.ആധുനിക ഫുട്‌ബോളിലെ ‘സ്വീപ്പര്‍’ പൊസിഷന് കൂടുതല്‍ പ്രാധാന്യം കൈവന്നത് ബെക്കന്‍ ബോവറിന്റെ കേളീശൈലിയില്‍ നിന്നാണ്.

രണ്ടുതവണ യൂറോപ്യന്‍ ഫുട്‌ബോളര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ബെക്കന്‍ ബോവര്‍ പശ്ചിമ ജര്‍മ്മനിക്കായി 103 മത്സരങ്ങള്‍ കളിച്ചു.1974ല്‍ ക്യാപ്റ്റനായും 1990ല്‍ പരിശീലകനായും ജര്‍മനിക്ക് ലോകകപ്പ് കിരീടം സമ്മനിച്ച ബെക്കന്‍ ബോവര്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ലോക ഫൂട്‌ബോളിലെ മൂന്ന് പേരില്‍ ഒരാളാണ്. കഴിഞ്ഞ ദിവസം അന്തരിച്ച ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം മാരിയോ സഗാലോ, ഫ്രാന്‍സിന്റെ നിലവിലെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് എന്നിവരാണ് മറ്റു രണ്ടുപേര്‍.

ആരാധകര്‍ക്കിടയില്‍ കൈസര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബെക്കന്‍ ബോവര്‍ വിരമിച്ചശേഷം ഫുട്‌ബോള്‍ ഭരണകര്‍ത്താവെന്ന നിലയിലും ശ്രദ്ധേയനായി.