Saturday, April 27, 2024
keralaNews

സംവിധായകന്‍ ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പ് പറയണമെന്ന് ഹൈക്കോടതി.

കൊച്ചി: സംവിധായകന്‍ ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പ് പറയണമെന്ന് ഹൈക്കോടതി. നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് നടപടി.ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടിയാണ് സംവിധായകന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും കോടതി നിരീക്ഷിച്ചു. എന്തിനാണ് ഇത്തരം കാര്യങ്ങള്‍ വിളിച്ചു പറയുന്നത് എന്ന് കോടതി ചോദിച്ചു. ജനശ്രദ്ധ നേടാന്‍ ഇത്തരം കാര്യങ്ങളല്ലാ വിളിച്ചു പറയേണ്ടതെന്ന് കോടതി കുറ്റപ്പെടുത്തി. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.ഒരു ചാനല്‍ ചര്‍ച്ചയിലാണ് ബൈജു കൊട്ടാരക്കര വിചാരണക്കോടതി ജഡ്ജിക്കെതിരെ ആരോപണമുന്നയിച്ചത്. പരാമര്‍ശത്തില്‍ ഹൈക്കോടതി സ്വമേധയായാണ് ബൈജു കെട്ടാരക്കരയ്ക്ക എതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തിരുന്നത്. വിചാരണക്കോടതി ജഡ്ജിയെ മാത്രമല്ല നീതിന്യായ സംവിധാനത്തെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളാണ് സംവിധായകന്‍ നടത്തിയതെന്നാണ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ ഡ്രാഫ്റ്റ് ചാര്‍ജില്‍ വ്യക്തമാക്കിയിരുന്നത്.

ജഡ്ജിയുടെ വ്യക്തിത്വത്തെയും കഴിവിനെയും ചോദ്യം ചെയ്യുന്ന പരാമര്‍ശങ്ങളാണ് നടത്തിയതെന്നും ഇത്തരം അഭിപ്രായങ്ങള്‍ കോടതിയുടെ അധികാരത്തെ താഴ്ത്തിക്കെട്ടുന്നതാണെന്നും ചാര്‍ജില്‍ പറയുന്നു.ചാനലിലൂടെ തന്നെ മാപ്പു പറയാമെന്ന് ബൈജുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ജ്യൂഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് നേരത്തെ കോടതിയില്‍ ഹാജരായി ബൈജു കൊട്ടാരക്കര വ്യക്തമാക്കിയിരുന്നു