Wednesday, May 8, 2024
Local NewsNews

ശബളമില്ല; എരുമേലിയില്‍ വിശുദ്ധിസേന പണിമുടക്കി : നാളെ കിട്ടിയില്ലെങ്കില്‍ പരസ്യ പ്രതിഷേധം

എരുമേലി :ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയില്‍ ശുചീകരണത്തിന് എത്തിയ വിശുദ്ധി സേനക്ക് ഇതുവരെ ശബളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് എരുമേലിയില്‍ ശുചീകരണം നടത്തിയില്ല . എന്നാല്‍ നാളെ 9/01  ശബളം ലഭിച്ചില്ലെങ്കില്‍ പരസ്യമായ പ്രതിഷേധം നടത്തുമെന്ന് തൊഴിലാളികള്‍ .

നവംബര്‍ 17 ന് ശുചീകരണം ആരംഭിച്ചുവെങ്കിലും തീര്‍ത്ഥാടനം സമാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയായിട്ടും ഒന്നാംഘട്ട ശബളം നല്‍കാത്തതിനെതിരെയാണ് ഇന്നത്തെ
പ്രതിഷേധം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും 125 പേരാണ് ശുചീകരണത്തിനായി എരുമേലിയില്‍ ഉള്ളത് . ഇതിനിടെ തൊഴിലാളികള്‍ പരസ്യ പ്രതിഷേധത്തിന് തയ്യാറെടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ അമല്‍ മഹേശ്വര്‍, എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച നടത്തുകയും ചെയ്തു.

ഇതിന്റ അടിസ്ഥാനത്തില്‍ പരസ്യ പ്രതിഷേധത്തില്‍ നിന്ന് തൊഴിലാളികള്‍ പിന്‍മാറുകയും – എന്നാല്‍ ശബളം കിട്ടിയില്ലെങ്കില്‍ പരസ്യമായ സമരം നടത്തുമെന്നും തൊഴിലാളികള്‍ പറഞ്ഞു. വിഷയത്തില്‍ കര്‍ശന നടപടിക്കായി ഇടപെട്ടിട്ടുണ്ടെന്നും നാളെ തന്നെ ഇവര്‍ക്കുള്ള ശബളം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വിശുദ്ധി സേനകളുടെ ഇന്നത്തെ ശുചീകരണം നിര്‍ത്തിവച്ചുള്ള പ്രതിഷേധം എരുമേലിയില്‍ വിവിധ ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ കൂടാന്‍ കാരണമായിരിക്കുകയാണ് .

കഴിഞ്ഞ വര്‍ഷവും ഇതേ പോലെ തീര്‍ത്ഥാടനം കഴിഞ്ഞിട്ടും ശബളം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് സമരം നടത്തിയതിന് ശേഷമാണ് ശബളം ലഭിച്ചത്. ഈ വിഷയം അന്നും വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു . വിശുദ്ധി സേനക്കുള്ള ശബളം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ജില്ല കളക്ടര്‍ക്ക് നല്‍കിയിയതാണെന്നും അധികൃതര്‍ അറിയിച്ചു . പത്തനംതിട്ടയില്‍ നിന്ന് കോട്ടയത്തേക്ക് ഫണ്ട് മാറാനുള്ള തടസ്സമാണ് പ്രതിസന്ധിക്ക് കാരണം എന്നും പറയുന്നു. നാളെ പരസ്യമായ പ്രതിഷേധം ഉണ്ടായാല്‍ അത് വീണ്ടും വലിയ നാണക്കേടിന് കാരണമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത് .