Thursday, May 9, 2024
keralaNewspolitics

ഓര്‍ത്തഡോക്‌സ് സഭ ചുമതലകളില്‍ നിന്നും നീക്കി

പത്തനംതിട്ട: നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസിനെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ഭദ്രാസനത്തിലെ വൈദികനെതിരെ ചാനല്‍ ചര്‍ച്ചയില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത നിലയ്ക്കല്‍ ഭദ്രാസനത്തിലെ വൈദീകനായ ഫാ. ഡോ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടിയെടുത്ത് ഓര്‍ത്തഡോക്‌സ് സഭ.

മാത്യൂസ് വാഴക്കുന്നത്തിനെ സഭയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്‍ നിന്നും അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തിയതായി പരിശുദ്ധ കാതോലിക്കാ ബാവാ അറിയിച്ചു. ഒരു പുരോഹിതനും അധ്യാപകനുമെന്ന നിലയില്‍ തികച്ചും മാതൃകാപരമായി പെരുമാറേണ്ട ഒരു വ്യക്തിയില്‍ നിന്നും ഇത്തരത്തിലുള്ള അപലപനീയവും ധിക്കാരപരവുമായ പെരുമാറ്റം അത്യന്തം ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഭ മക്കളെ നേര്‍വഴി നടത്തേണ്ട ഒരു പുരോഹിതന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഈ ഹീനമായ പ്രവര്‍ത്തനം സഭാംഗങ്ങള്‍ മാത്രമല്ല, പൊതു സമൂഹംപോലും ഏറെ അത്ഭുതത്തോടെയാണ് ശ്രവിച്ചത്. ഒരു സഹോദര വൈദീകനെതിരെ പരാതി ഉന്നയിക്കുവാന്‍ സഭാപരമോ നിയമപരമോ ആയ നടപടികള്‍ സ്വീകരിക്കാമെന്നിരിക്കെ ചാനല്‍ ചര്‍ച്ചയില്‍ പരസ്യമായി കുറ്റാരോപണം നടത്തിയത്, ഒരു അച്ചടക്കമുള്ള വൈദീകന് ചേര്‍ന്നതല്ല.

ഇക്കാരണങ്ങളാല്‍ അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്ന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ സഭയുടെ പൗരോഹിത്യത്തിനടുത്ത എല്ലാ ചുമതലകളില്‍നിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരിക്കുന്നതായി പരിശുദ്ധ ബാവാ പറഞ്ഞു. ഇതിനിടെ നിലയ്ക്കല്‍ ഭദ്രാസനത്തില്‍ അടുത്തയിടെ ഉണ്ടായ പരാതികള്‍ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഫാ. വി . എം. എബ്രഹാം വാഴക്കല്‍, അഡ്വ. കെ. കെ. തോമസ് എന്നിവരെ പരിശുദ്ധ ബാവാ നിയമിച്ചു.