Monday, April 29, 2024
educationkeralaNews

പ്ലസ് വണ്‍ പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ആറാം തിയ്യതി ആരംഭിക്കേണ്ടിയിരുന്ന പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. കോവിഡ് സാഹചര്യം അവഗണിച്ച് പരീക്ഷ ഓഫ്ലൈനായി നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എങ്കിലും പരീക്ഷ ഓഫ്ലൈനായി തന്നെ നടത്തണമെന്ന നിലപാടില്‍ തുടരുകയാണ് സര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനായി പരീക്ഷ നടത്തിയാല്‍ ഇന്റര്‍നെറ്റ്കംപ്യൂട്ടര്‍ സൗകര്യങ്ങളില്ലാത്ത ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഒഴിവാക്കപ്പെടുമെന്നാണ് സര്‍ക്കാരിന്റെ വാദം.

കോവിഡ് രൂക്ഷമായി തുടരുന്നതിനിടയിലും നീറ്റ് പരീക്ഷ വിജയകരമായി നടത്തിയതും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാരിന്റെ വിശദീകരണത്തില്‍ വാദം കേട്ട് പരീക്ഷ റദ്ദാക്കുന്നതില്‍ ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് അന്തിമ തീരുമാനമെടുക്കും.