Saturday, May 11, 2024
Newsworld

അന്റാര്‍ട്ടിക്കയിലെ ഓഫീസിലേക്ക് ജോലിക്കാരെ തിരയുകയാണ് ഒരു ബ്രിട്ടീഷ് ചാരിറ്റി

മഞ്ഞില്‍ പൊതിഞ്ഞു കിടക്കുന്ന ലോകത്തിലെ ഏറ്റവും തണുപ്പ് കൂടിയ അന്റാര്‍ട്ടിക്കയിലെ ഓഫീസിലേക്ക് ജോലിക്കാരെ തിരയുകയാണ് ഒരു ബ്രിട്ടീഷ് ചാരിറ്റി.

മനുഷ്യവാസം വളരെ കുറഞ്ഞ ഇവിടെത്തെ ഓഫീസിലേക്കാണ് ജോലിക്കാരെ തിരയുന്നത്. യുകെ അന്‍ാര്‍ട്ടിക്ക ഹെറിറ്റേജ് ട്രസ്റ്റിന് കീഴിലുള്ള പോസ്റ്റ് ഓഫീസിലേക്കും, അവിടെയുള്ള ഗിഫ്റ്റ് ഷോപ്പിലെ മാനേജര്‍, ജനറല്‍ അസിസ്റ്റന്റ് തസ്തികകളിലേക്കുമാണ് ആളെ തേടുന്നത്.

2022 നവംബര്‍ മുതല്‍ 2023 മാര്‍ച്ച് വരെയുള്ള അഞ്ച് മാസത്തേക്കാണ് നിയമനം ലഭിക്കുന്നത്. പ്രതിമാസം 1.5 ലത്തിലധികം രൂപയാണ് ശമ്പളമായി ലഭിക്കുക.

അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളുവെങ്കിലും, സുഖപ്രദമായ ജോലിയായിരിക്കുമെന്നാണ് ട്രസ്റ്റിന്റെ വാഗ്ദാനം. വൈദ്യുതി വളരെ പരിമിതമായിരിക്കും.

ടാപ്പ് വെള്ളം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഒന്നും ലഭിക്കില്ല. ഏപ്രില്‍ 25 ആണ് അപേക്ഷകള്‍ അയക്കേണ്ട അവസാന തിയതി. എന്നാല്‍ അപേക്ഷിക്കുന്നവര്‍ക്ക് യുകെയില്‍ ജോലി ചെയ്യുന്നതിനുള്ള അനുമതി ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഈ ഒക്ടോബറില്‍ ഒരാഴ്ചത്തെ പരിശീലനവും നല്‍കും.

അന്റാര്‍ട്ടിക്കയിലെ വേനല്‍ക്കാലമായ ഈ സമയത്ത് താപനില 50 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ എത്തിയേക്കാം. എങ്കിലും വലിയ തോതില്‍ തണുത്ത കാറ്റ് എപ്പോഴും ഇവിടെ വീശിയടിച്ചു കൊണ്ടിരിക്കും.

ബ്രിട്ടീഷ് അന്റാര്‍ട്ടിക് ടെറിട്ടറി ഗവണ്‍മെന്റിന്റെ കീഴിലാണ് ഈ തപാല്‍ ഓഫീസ് വരുന്നത്. ബ്രിട്ടീഷ് താവളമായിരുന്ന ഇവിടെ 2006ന് ശേഷമാണ് പോസ്റ്റ് ഓഫീസായും മ്യൂസിയമായും ഉപയോഗിക്കാന്‍ തുടങ്ങിയത്. സീസണ്‍ സമയങ്ങളില്‍ 80,000 കത്തിടപാടുകള്‍ വരെ ഇവിടെ നടക്കാറുണ്ടെന്നാണ് വിവരം.

പെന്‍ഗ്വിന്‍ സംരക്ഷണത്തിന്റെ ഭാഗമായി പെന്‍ഗ്വിനുകളുടെ എണ്ണം എടുക്കുക, ഗിഫ്റ്റ് ഷോപ്പിന്റേയും പോസ്റ്റ് ഓഫീസിന്റേയും എല്ലാ കാര്യങ്ങളും നോക്കുക തുടങ്ങിയവയാണ് ഇവിടെയെത്തുന്ന ജീവനക്കാരുടെ പ്രധാന ജോലികള്‍. ജോലിയുടെ അവസാനഘട്ടത്തില്‍ ഒരു റിപ്പോര്‍ട്ടും സമര്‍പ്പിക്കണം.

.