Sunday, April 28, 2024
keralaNewspolitics

അജിതാ തങ്കപ്പനെ മാറ്റിയില്ലെങ്കില്‍ അവിശ്വാപ്രമേയത്തെ അനുകൂലിക്കും; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

തൃക്കാക്കര നഗരസഭ അധ്യക്ഷയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ വീണ്ടും പടയൊരുക്കം. അജിതാ തങ്കപ്പനെ മാറ്റിയില്ലെങ്കില്‍ അവിശ്വാപ്രമേയത്തെ അനുകൂലിക്കുമെന്ന് വെല്ലുവിളിച്ച് നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രംഗത്തുവന്നു. സ്ഥിരം സമതി അധ്യക്ഷയുടെ മുറിയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് നഗരസഭ ഭരിക്കുന്നത്. മൂന്ന് ദിവസം മുന്‍പ് എറണാകുളം ഡിസിസി ഓഫിസില്‍ തൃക്കാക്കര നഗരസഭയിലെ യുഡുഎഫ് പാര്‍ലമെന്ററിപാര്‍ട്ടി യോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയിരുന്നു, നഗരസഭാ ഭരണം ഏകോപിപ്പിക്കാന്‍ ആറംഗസമിതിയെയും നിയോഗിച്ചു. എന്നാല്‍ പ്രധാനപ്പെട്ട പല ഭരണകാര്യങ്ങളും സമിതി അറിയാതെ, ചെയര്‍പേര്‍സണും അനുകൂലികളും ഒറ്റയ്ക്ക് തീരുമാനിക്കുന്നുവെന്ന് ആരോപിച്ചാണ് വീണ്ടും പൊട്ടിത്തെറി. സ്ഥിരം സമിതി അധ്യക്ഷ സ്മിതാ സണ്ണിയുടെ മുറിയില്‍ ഒരുമിച്ചിരുന്ന് സംസാരിക്കുന്നതിനിടെ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെട്ടു.ചെയര്‍പേഴ്‌സണെ മാറ്റിയില്ലെങ്കില്‍ എല്‍ഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്നാണ് വി.ഡിസുരേഷും മറ്റ് മൂന്ന് കൗണ്‍സിലര്‍മാരും വെല്ലുവിളിച്ചു. അടുത്ത വ്യാഴാഴ്ചയാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്. 43 അംഗ കൗണ്‍സിലില്‍ യുഡിഎഫ് 21, എല്‍ഡിഎഫ് 17, സ്വതന്ത്രര്‍ 5 എന്നിങ്ങനെയാണ് കക്ഷിനില, ഇതില്‍ ഒരു സ്വതന്ത്രന്‍ എല്‍ഡിഎഫിനൊപ്പമാണ്. മറ്റ് നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരിക്കുന്നത്.പ്രശ്‌നത്തില്‍ പാര്‍ട്ടി ഇടപെടുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. അതിനിടെ തൃക്കാക്കര നഗരസഭാ സെക്രട്ടറി എന്‍.കെ.ഉണ്ണികൃഷ്ണനെ സ്ഥലം മാറ്റി. തൃശൂര്‍ കോര്‍പറേഷനിലേക്കാണ് സ്ഥലം മാറ്റം.