Thursday, May 16, 2024
keralaNewspolitics

താന്‍ മണ്ഡലത്തിലുണ്ട് ,മത്സരിക്കാനും തയ്യാര്‍ – മുകേഷ്.

താന്‍ മണ്ഡലത്തിലില്ലെന്ന ആരോപണം ശരിയല്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറെന്നും കൊല്ലം എം.എല്‍.എയും നടനുമായ മുകേഷ്. പാര്‍ട്ടി ആവശ്യപ്പെട്ടാണ് താന്‍ മത്സരിക്കും. എം.എല്‍.എ.യെ മണ്ഡലത്തില്‍ കാണുന്നില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. കാരണം ഇതല്ലാതെ മറ്റൊരു ആരോപണം അവര്‍ക്ക് ഉന്നയിക്കാനില്ലെന്നും മുകേഷ് പറയുന്നു.

തന്റെ മണ്ഡലത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടന്നിട്ടുള്ളത്. കിഫ്ബിയില്‍ നിന്നും 1,330 കോടി രൂപയാണ് കൊല്ലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. 45 കോടിരൂപ പെരുമണ്‍ പാലത്തിനായി മാറ്റിവെച്ചു. എം.എല്‍.എ.യെ തിരക്കുന്ന പ്രതിപക്ഷം താന്‍ വീഴ്ച വരുത്തിയ മേഖലയേതെന്ന് ചൂണ്ടിക്കാണിക്കണമെന്നും ആവശ്യപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ താന്‍ തയ്യാറാണ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താനുറപ്പായും അത് ചെയ്യും. പാര്‍ട്ടി ആവശ്യപ്പെടുകയെന്നു പറഞ്ഞാല്‍ തന്റെ പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്ക് തൃപ്തിയുണ്ട് എന്നാണ് അര്‍ത്ഥമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

കൊല്ലം എം.എല്‍.എയെ മണ്ഡലത്തില്‍ കാണാനില്ലെന്ന ആരോപണം കോണ്‍ഗ്രസ് ശക്തമായ്തന്നെ ഉന്നയിക്കുകയാണ്. മണ്ഡലത്തിന്റെ പല ഭാഗത്തും ഇത്തരത്തില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. സിനിമയിലും ടെലിവിഷനിലും നാടകത്തിലും അഭിനയിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാന്‍ സമയം കിട്ടുന്നതെന്ന മുന്‍വിധിയാണ് പ്രതിപക്ഷ ആരോപണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.