Saturday, May 4, 2024
keralaNewsObituary

പ്രഭാതസവാരിക്കിടെ ടോറസ് ലോറിയിടിച്ച് മൂന്നുപേര്‍ മരിച്ചു

ആലപ്പുഴ: പ്രഭാതസവാരിക്കിടെ ടോറസ് ലോറിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ആലപ്പുഴ നൂറനാട് സ്വദേശികളായ രാജു മാത്യു (66), വിക്രമന്‍ നായര്‍ (65), രാമചന്ദ്രന്‍ നായര്‍ (72) എന്നിവരാണ് മരിച്ചത്.

    ആലപ്പുഴ നൂറനാട്ട് പണയില്‍ പുലര്‍ച്ചെ ആറ് മണിയോടെ അമിതവേഗതയില്‍ വന്ന ടോറസ് ലോറിയാണ് ഇവരെ ഇടിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടത്തില്‍ സംഭവസ്ഥലത്ത് വച്ച് തന്നെ രാജു മാത്യു മരിച്ചിരുന്നു. വിക്രമന്‍ നായരെയും രാമചന്ദ്രന്‍ നായരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവരോടൊപ്പം നടക്കാനിറങ്ങിയ രാജശേഖരന്‍ എന്നയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി ഇവിടെ നാല് മരണങ്ങളുണ്ടായെന്നും നാട്ടുകാര്‍ പറയുന്നു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.

അമിതവേഗത്തില്‍ മൂന്ന് പേരെയും ഇടിച്ച് തെറിപ്പിച്ച ലോറി ആദ്യം നിര്‍ത്താതെ പോയെങ്കിലും പിന്നീട് ഡ്രൈവറെത്തി കീഴടങ്ങി. ലോറിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയതോടെയാണ് ഡ്രൈവര്‍ പള്ളിക്കല്‍ സ്വദേശി അനീഷ് കുമാര്‍ കീഴടങ്ങിയത്.

ഇവിടെ അടുത്ത് പുതുക്കിപ്പണിത റോഡിന്റെ അശാസ്ത്രീയതയും അപകടകാരണമാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കാല്‍നടയാത്രക്കാര്‍ക്ക് കൃത്യമായി നടക്കാനായി പാത അടയാളപ്പെടുത്തുകയോ, അവര്‍ക്ക് സൗകര്യമൊരുക്കുകയോ ചെയ്തിട്ടില്ലെന്നും, മുന്നറിയിപ്പ് ബോര്‍ഡുകള്‍ അടക്കം വയ്ക്കാതെയാണ് റോഡ് പണി പൂര്‍ത്തിയാക്കിയതെന്നും നാട്ടുകാര്‍ പറയുന്നു.