Friday, May 17, 2024
EntertainmentkeralaNews

സിനിമ ലൊക്കേഷനില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണം. ഹൈക്കോടതി

കൊച്ചി: ഓരോ സിനിമ ലൊക്കേഷനിലും ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന് ഹൈക്കോടതി. സിനിമ സംഘടനകളിലും സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം ആരംഭിക്കണമെന്നും ഹൈക്കോടതി പുറപ്പെടുവിച്ച നിര്‍ണായക ഉത്തരവില്‍ പറയുന്നു. സിനിമയിലെ വനിതാപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നടി ആക്രമിക്കപ്പെട്ടതിന് പിറകേ 2018-ലാണ് ഡബ്ല്യുസിസി ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഫെഫ്ക, അമ്മ അടക്കമുള്ള സംഘടനകള്‍ എങ്ങനെയാകും ഈ ഉത്തരവിനോട് പ്രതികരിക്കുക എന്നതാണ് ഇനി പ്രധാനം.

വനിതാകൂട്ടായ്മയുടെ ഈ ആവശ്യം ന്യായമാണെന്ന് സംസ്ഥാനവനിതാ കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. കമ്മീഷനെ ഇക്കഴിഞ്ഞ ജനുവരി 31-നാണ് ഹര്‍ജിയില്‍ ഹൈക്കോടതി കക്ഷി ചേര്‍ത്തത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജിയില്‍ ഉത്തരവ് പറഞ്ഞത്.

മലയാളസിനിമ രംഗത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമനിര്‍മാണം വേണമെന്ന ആവശ്യം ന്യായമാണെന്ന് ഇന്നലെ
സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ടും, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ഉടനടി പഠിച്ച് നിയമനിര്‍മാണമുണ്ടാകും. വല്ലാത്ത ചൂഷണമാണ് പലപ്പോഴും സിനിമാരംഗത്ത് സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്നതെന്നും, ഇതിനെ നേരിടാന്‍ നിയമനിര്‍മാണം അത്യാവശ്യമാണെന്നും സജി ചെറിയാന്‍ വ്യക്തമാക്കുന്നു.

നമ്മുടെ രാജ്യത്ത് നിലനിന്ന നിയമം തന്നെയാണിതെന്നും, ഇത് സിനിമാ സംഘടനകളെക്കൊണ്ടും അഭിനേതാക്കളുടെ സംഘടനയെക്കൊണ്ടും അംഗീകരിപ്പിക്കാന്‍ നിയമപോരാട്ടം വേണ്ടി വന്നു എന്നതാണ് നിര്‍ഭാഗ്യകരമെന്നും ഡബ്ല്യുസിസി അംഗം ദീദി ദാമോദരന്‍ പ്രതികരിക്കുന്നു. വളരെ സ്വാഗതാര്‍ഹമാണ് ഹൈക്കോടതി ഉത്തരവെന്ന് സംസ്ഥാനവനിതാകമ്മീഷന്‍ അധ്യക്ഷ പി സതീദേവിയും പറഞ്ഞു.

പാര്‍വതി, അഞ്ജലി മേനോന്‍, പദ്മപ്രിയ എന്നിങ്ങനെ ഡബ്ല്യുസിസി അംഗങ്ങള്‍ പലരും സെറ്റുകളില്‍ ലൈംഗികപീഡനം തടയാനുള്ള നിയമം നടപ്പാക്കണമെന്നും, ആഭ്യന്തരപരാതി പരിഹാരസമിതി വേണമെന്നും പല തവണ ആവശ്യപ്പെട്ടിരുന്നതാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ഡബ്ല്യുസിസി സാംസ്‌കാരികവകുപ്പ് മന്ത്രിയെയും വനിതാകമ്മീഷന്‍ അധ്യക്ഷയെയും നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു.

2019-ലാണ് വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹേമ, മുതിര്‍ന്ന നടി ശാരദ, വിരമിച്ച ഉന്നത ഉദ്യോഗസ്ഥ കെ ബി വത്സലകുമാരി എന്നിവര്‍ അംഗങ്ങളായി ഒരു കമ്മിറ്റി സംസ്ഥാനസര്‍ക്കാര്‍ രൂപീകരിച്ചത്. സിനിമാമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണുന്നതിനായിരുന്നു സമിതി. സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ത്രീകളെ നേരിട്ട് കണ്ട് വിവരങ്ങള്‍ തേടിയ സമിതിക്ക് മുന്നില്‍ ഞെട്ടിക്കുന്ന നിരവധി ലൈംഗികപീഡനപരാതികളും എത്തിയിരുന്നു. ഈ അടിസ്ഥാനത്തിലാണ് അടിയന്തരമായി പോഷ് നിയമം സിനിമാ സെറ്റുകളില്‍ നടപ്പാക്കണമെന്നും ഐസിസികള്‍ രൂപീകരിക്കണമെന്നും സമിതി റിപ്പോര്‍ട്ട് നല്‍കുന്നത്. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഇപ്പോള്‍ രണ്ട് വര്‍ഷം പിന്നിടുന്നു. എന്നിട്ടും, ആ സമിതി റിപ്പോര്‍ട്ടില്‍ ഒരു നടപടിയെടുക്കാന്‍ പോലും സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താന്‍ പോലും സര്‍ക്കാര്‍ വിമുഖത കാണിക്കുകയും ചെയ്യുകയാണ്. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഡബ്ല്യുസിസി ഉള്‍പ്പടെയുള്ള സംഘടനകളും സിനിമാപ്രവര്‍ത്തകരും ഉന്നയിച്ചത്.