Monday, May 6, 2024
indiaNews

പ്രതിസന്ധിയില്‍ തളര്‍ന്നു പോകാതെ തന്റെ സഹോദരിക്ക് വേണ്ടി പോരാടുന്ന പത്ത് വയസുകാരന്‍

പ്രതിസന്ധിയില്‍ തളര്‍ന്നു പോകാതെ തന്റെ സഹോദരിക്ക് വേണ്ടി പോരാടുന്ന പത്ത് വയസുകാരന്റെ കഥയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഹൈദരാബാദ് സ്വദേശിയായ സെയ്ദ് അസീസ് എന്ന കൊച്ചുമിടുക്കന്റെ കഥയാണിത്. ജീവിക്കാനായി തെരുവില്‍ കച്ചവടം നടത്തുകയാണ് സെയ്ദ് അസീസ്. ക്യാന്‍സര്‍ ബാധിതയായ സഹോദരിയ്ക്ക് വേണ്ടിയാണ് സെയ്ദ് തെരുവിലിറങ്ങിയത്.റോഡരികില്‍ ഒരു ബഞ്ച് സ്ഥാപിച്ച് പക്ഷികള്‍ക്കുള്ള ഭക്ഷണം വില്‍ക്കുന്ന ജോലിയാണ് സെയ്ദ് ചെയ്യുന്നത്. 12 വയസുകാരിയായ സഹോദരി സക്കീന ബിഗം തലച്ചോറില്‍ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലാണ്. രണ്ട് വര്‍ഷം മുന്‍പാണ് സക്കീനയ്ക്ക് ക്യാന്‍സര്‍ ബാധിക്കുന്നത്. ചികിത്സാ ചെലവുകള്‍ക്ക് വളരെ അധികം പണം വേണ്ടി വന്നു. ഇതിനായി മാതാപിതാക്കള്‍ വളരെ അധികം കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍ സെയ്ദ് പക്ഷികള്‍ക്കുള്ള തീറ്റ വിറ്റ് അവരെ സഹായിക്കുകയായിരുന്നു.സക്കീനയുടെ ജവന്‍ രക്ഷിക്കാന്‍ റേഡിയോ തെറാപ്പി ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. തെലങ്കാന സര്‍ക്കാരില്‍ നിന്നും അതിനായി സാമ്പത്തിക സഹായം ലഭിച്ചിരുന്നു.

എന്നാല്‍ ഈ തുക മുഴുവന്‍ റേഡിയോ തെറാപ്പിക്ക് ചെലവായി. ഇപ്പോള്‍ തുടര്‍ ചികിത്സയ്ക്ക് പണം ആവശ്യമാണ്. അതിനാലാണ് മാതാപിതാക്കളെ സഹായിക്കാന്‍ സെയ്ദും ജോലിയ്ക്ക് പോയി തുടങ്ങിയത്.കച്ചവടത്തിനിടയിലും സെയ്ദ് പഠനം ഉപേക്ഷിച്ചിട്ടില്ല. രാവിലെ ആറ് മണി മുതല്‍ എട്ട് മണി വരെ പക്ഷിത്തീറ്റ വില്‍ക്കുകയും എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ക്ലാസില്‍ പങ്കെടുക്കുകയും ചെയ്യും. കച്ചവടത്തില്‍ നിന്നും ലഭിക്കുന്ന പണം ചികിത്സയ്ക്കും ഉപജീവനത്തിനും തികയാറില്ലെന്ന് സെയ്ദിന്റെ അമ്മ ബില്‍ക്കീസ് പറയുന്നു.