Friday, April 26, 2024
indiaNews

കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റി വൈകിപ്പിച്ച് പൂച്ചയുടെ സാഹസം

ട്രെയിനിലേക്കുള്ള വൈദ്യുതി ഓഫാക്കി അഞ്ച് മിനിറ്റോളം സര്‍വ്വീസ് വൈകിപ്പിച്ച് പൂച്ചയുടെ സാഹസം.കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റിയുടെ എന്‍ജിനിലേക്കുള്ള പാനോഗ്രാഫിന്റെ അടിയില്‍ പൂച്ച കയറിപ്പറ്റിയതാണ് സംഭവം. കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റിയുടെ സമയത്ത് രണ്ട് തവണയാണ് കണ്ണൂര്‍ സൌത്തിലെ വൈദ്യുതി ലൈന്‍ ട്രിപ്പായത്.വണ്ടിക്ക് മുകളില്‍ മരക്കമ്പോ മറ്റോ വീണതാവുമെന്ന ധാരണയിലായിരുന്നു റെയില്‍വേ ഇലക്ട്രിക്കല്‍ വിഭാഗമുണ്ടായിരുന്നത്. തകരാറ് പരിഹരിക്കാനായി സ്റ്റേഷനിലെത്തുന്ന തീവണ്ടിയുടെ മുകളില്‍ ഉദ്യോഗസ്ഥര്‍ കണ്ടത് ഒരു പൂച്ചയെ ആയിരുന്നു. എന്‍ജിനും വൈദ്യുതിലൈനുമായി ബന്ധം സ്ഥാപിക്കുന്ന പാനോഗ്രാഫിന്റെ അടിയിലാണ് പൂച്ച കിടന്നിരുന്നത്.
ലൈന്‍ ഷോര്‍ട്ടായതാടോ തീപ്പൊരിയും ശബ്ദവും കേട്ട് പതുങ്ങിക്കിടക്കുകയായിരുന്നു പൂച്ച. തല പോലും ഉയര്‍ത്താതെയായിരുന്നു കിടപ്പ്. വൈദ്യുതി ബന്ധം വിച്ഛേദിച്ച് ജീവനക്കാര്‍ എന്‍ജിന് മുകളില്‍ കയറിയതോടെ പൂച്ച ഓടി രക്ഷപ്പെട്ടു. 25000 വോള്‍ട്ട് വൈദ്യുതിയാണ് ഇതിലുള്ളത്. ഒന്ന് തട്ടിയിരുന്നെങ്കില്‍ പൂച്ച കത്തിക്കരിഞ്ഞുപോയേനെയെന്നാണ് റയില്‍വെ ജീവനക്കാര്‍ പറയുന്നത്.വൈദ്യുതി തടസം മാറിയതോടെ കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റി സര്‍വ്വീസ് തുടര്‍ന്നു. എന്നാല്‍ പൂച്ച എങ്ങനെ എന്‍ജിന് മുകളില്‍ എത്തിയെന്ന് ഇനിയും വ്യക്തതയില്ല.