Monday, April 29, 2024
indiaNewspolitics

പ്രതിപക്ഷം ലോക്‌സഭയില്‍ നല്‍കിയ അവിശ്വാസ പ്രമേയ നേട്ടീസ് സ്പീക്കര്‍ അംഗീകരിച്ചു

ദില്ലി: മണിപ്പൂര്‍ വിഷയങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ നേട്ടീസ് നല്‍കി. കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തില്‍ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിച്ചു. കോണ്‍ഗ്രസ് എം പി ഗൗരവ് ഗൊഗോയ് ആണ് പ്രമേയം അവതരിപ്പിക്കുക. പ്രമേയത്തില്‍ ചര്‍ച്ചയ്ക്കുള്ള തീയതി പിന്നീട് അറിയിക്കും.  പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ടുള്ള ബഹളം തുടരുന്നതിനാല്‍ ഇരു സഭകളിലും ഇന്നും നടപടികള്‍ തടസപ്പെട്ടു.  എല്ലാ എംപിമാരോടും പാര്‍ലമെന്ററി ഓഫീസില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി കോണ്‍ഗ്രസും വിപ്പും പുറപ്പെടുവിച്ചു.  ഈ പ്രതിപക്ഷ നീക്കത്തിന് പിന്നാലെ 2019ല്‍ ഇതേ പോലെ ഒരു അവിശ്വാസ പ്രമേയത്തിനുള്ള പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗത്തിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുള്ളത്. അന്ന് പ്രതിപക്ഷത്തെ പരിഹസിച്ച് കൊണ്ട് 2023ലും ഇത്തരമൊരു അവിശ്വാസ പ്രമേയം കൊണ്ട് വരണമെന്നാണ് മോദി പറഞ്ഞത്. 2023ല്‍ അവിശ്വാസം കൊണ്ടു വരുന്നതിനുള്ള തന്റെ ആശംസകള്‍ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് 2019ലെ അവിശ്വാസ പ്രമേയത്തിന് ലോക്സഭയില്‍ മോദി മറുപടി നല്‍കിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് മോദിയുടെ പ്രസംഗത്തിന്റെ ഈ ഭാഗം ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘പ്രവചനം’ എന്ന് കുറിച്ചാണ് അദ്ദേഹം വീഡിയോ ട്വീറ്റ് ചെയ്തത്. അവിശ്വാസ പ്രമേയ നോട്ടീസ് സഖ്യം തെളിയിക്കാനല്ലെന്ന് ഗൗരവ് ഗൊഗോയി പറഞ്ഞു. മണിപ്പൂരിന് നീതി ഉറപ്പാക്കാനാണ് നോട്ടീസ് നല്‍കിയത്. മണിപ്പൂരിനെ പ്രധാനമന്ത്രി അവഗണിക്കുന്നത് തുറന്ന് കാട്ടാനാണ് ശ്രമിക്കുന്നതെന്നും ഗൊഗോയ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയി ബിആര്‍എസ് എംപി നമോ നാഗേശ്വര്‍ റാവു എന്നിവരാണ് കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.