Wednesday, May 8, 2024
keralaNews

ആലപ്പുഴയില്‍ മക്കളെക്കൊന്നശേഷം പോലീസുകാരന്റെ ഭാര്യ ആത്മഹത്യചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

ആലപ്പുഴ: മക്കളെക്കൊന്നശേഷം പോലീസുകാരന്റെ ഭാര്യ ആത്മഹത്യചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഒന്നില്‍ കഴിഞ്ഞദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം നല്‍കിയത്. ജാമ്യവ്യവസ്ഥ ലംഘിച്ച പോലീസുകാരന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു.ആലപ്പുഴ മെഡിക്കല്‍ കോളേജ് പോലീസ് എയ്ഡ് പോസ്റ്റിലെ സി.പി.ഒ. റെനീസിന്റെ ഭാര്യ നജ്ല (27), മകന്‍ ടിപ്പുസുല്‍ത്താന്‍ (അഞ്ച്), മകള്‍ മലാല (ഒന്നേകാല്‍) എന്നിവരാണ് മരിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് റെനീസിനെതിരേ ചുമത്തിയിരിക്കുന്നത്.എല്ലാ ശനിയാഴ്ചയും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്നായിരുന്നു ജാമ്യവ്യവസ്ഥ. എന്നാല്‍, കഴിഞ്ഞ രണ്ടു ശനിയാഴ്ചകളില്‍ ഇയാള്‍ ഹാജരായില്ല. ഇതേത്തുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്.2022 മേയ് 10-നാണ് നജ്ലയും കുട്ടികളും മരിച്ചത്. ടിപ്പുസുല്‍ത്താന്റെ കഴുത്തില്‍ ഷാള്‍മുറുക്കിയും മലാലയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും കൊന്നശേഷം നജ്ല കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.

അന്നു രാത്രി ഡ്യൂട്ടിയിലായിരുന്നു റെനീസ്. ഇയാളുടെ കാമുകി ഷഹാനയും (24) അറസ്റ്റിലായിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.റെനീസിനെ കല്യാണം കഴിക്കാന്‍ കാമുകി സമ്മര്‍ദം ചെലുത്തിയിരുന്നു. ഇക്കാര്യംപറഞ്ഞ് മേയ് 10-നും ഷഹാന പോലീസ് ക്വാര്‍ട്ടേഴ്സിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഷഹാനയുടെ നീക്കങ്ങള്‍ക്കു റെനീസിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍.

ഷഹാനയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന്റെ പേരില്‍ നജ്ലയെ റെനീസ് മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. നജ്‌ലയുടെ ബന്ധുക്കളില്‍ ആരുമായും ഒരു ബന്ധവും റെനീസ് അനുവദിച്ചിരുന്നില്ല. അമ്മയോട് മാത്രമായിരുന്നു ഫോണില്‍ പോലും സംസാരിക്കാന്‍ അനുമതി. സുഖവിവരങ്ങള്‍ തിരക്കുകയെന്നതിലപ്പുറം മറ്റൊന്നും അനുവദിച്ചിരുന്നില്ലെന്ന് നജ്‌ലയുടെ സഹോദരി നഫ്‌ല പറയുന്നു. മറ്റ് ബന്ധുക്കള്‍ ആരെങ്കിലും നഫ്‌ലയെ വിളിച്ചാല്‍ അതിന്റെ പേരിലും പ്രശനമുണ്ടാക്കുന്നത് പതിവായിരുന്നു