Sunday, April 28, 2024
keralaNews

പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ കൊലപാതകം: മൂന്നുപേര്‍ കസ്റ്റഡിയില്‍

പാലക്കാട് :എലപ്പുള്ളി നോമ്പിക്കോട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ കൊല്ലപ്പെട്ട കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.അതേസമയം,ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് വീട്ടില്‍ എ. ശ്രീനിവാസന്റെ കൊലപാതകത്തില്‍ ആറു പ്രതികളെ തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാക്കറെ പറഞ്ഞു. ഇവരെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. രണ്ടു പേരെക്കൂടി തിരിച്ചറിയാനുണ്ട്. പ്രതികള്‍ എസ്ഡിപിഐപോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരാണ്. പ്രതികളില്‍ ചിലര്‍ ഒളിവിലാണ്. എല്ലാവരെയും ഉടന്‍ പിടികൂടും. കൊലപാതകങ്ങളുടെ ഗൂഢാലോചനയ്ക്കു നേതൃത്വം നല്‍കിയവരെ കേന്ദ്രീകരിച്ചായിരിക്കും ഇനി അന്വേഷണം മുന്നോട്ടുപോകുക. ഇവര്‍ക്കു സഹായം ഒരുക്കിയവരെയും കണ്ടെത്തേണ്ടതുണ്ടെന്നും എഡിജിപി പറഞ്ഞു.വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45നു പള്ളിയില്‍നിന്നു പിതാവിനോടൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്ന സുബൈറിനെ എലപ്പുള്ളി നോമ്പിക്കോട്ടുവച്ച് അക്രമി സംഘം കാറിടിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു. സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കുന്നതിനിടെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് മേലാമുറി ജംക്ഷനു സമീപമുള്ള കടയില്‍ ശ്രീനിവാസനെ അക്രമികള്‍ വെട്ടിവീഴ്ത്തിയത്.