Thursday, April 25, 2024
keralaNews

കേരളത്തില്‍ പോത്ത് പാര്‍ക്ക് വരുന്നു.

കേരളത്തില്‍ പോത്ത് പാര്‍ക്ക് വരുന്നു. നേര്യമംഗലത്തെ ജില്ലാ കാര്‍ഷിക ഫാമിലാണ് പോത്ത് പാര്‍ക്ക് വരുന്നത്.പൊതുജനങ്ങള്‍ക്ക് പാര്‍ക്ക് സന്ദര്‍ശിക്കാനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കുമെന്നാണ് വിവരം. എറണാകുളം ജില്ലാ പഞ്ചായത്താണ് പദ്ധതി വിഭാവനം ചെയ്തത്. പാര്‍ക്കില്‍ നൂറ് പോത്തുകളെ വളര്‍ത്താനാണ് തീരുമാനം.പാര്‍ക്കിലേക്കായി തമിഴ്നാട്ടില്‍ നിന്ന് മുറാ ഇനത്തിലുള്ള പോത്തുകുട്ടികളേയും എരുമകളേയും വാങ്ങുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.കേരളത്തില്‍ ലഭ്യമല്ലാത്ത ഇനമാണ് മുറാ.ഒരു വയസ് പ്രായമുള്ള 50 പോത്തുകുട്ടികളേയാണ് പാര്‍ക്കിലേക്കായി വാങ്ങുന്നത്.

കര്‍ഷകരും മൃഗഡോക്ടര്‍മാരും ഉദ്യോഗസ്ഥരും അടങ്ങുന്ന പര്‍ച്ചേഴ്സ് കമ്മിറ്റിയാണ് പോത്തുകുട്ടികളെ തമിഴ്നാട്ടിലെ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുക. ഇങ്ങനെ വാങ്ങുന്ന പോത്തുകളെ രണ്ട് മുതല്‍ മൂന്ന് വയസുവരെ വളര്‍ത്തി ഇറച്ചി ആവശ്യത്തിനായി മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ പോലുള്ളവയ്ക്ക് വില്‍ക്കുകയോ പൊതു ലേലത്തില്‍ വെയ്ക്കുകയോ ചെയ്യാനാണ് പദ്ധതി.കൃഷിക്ക് അനുയോജ്യമല്ലാത്ത രണ്ടേക്കര്‍ ചതുപ്പുനിലത്തിലാണ് ഫാം ആരംഭിക്കുന്നത്.പോത്തുകള്‍ക്ക് വളരാനുള്ള സ്വാഭാവിക ആവാസ വ്യവസ്ഥയാണ് ചതുപ്പ്പ്രദേശം പ്രദേശം. നല്ല പോത്തുകുട്ടികളെ തേടി പൊള്ളാച്ചിയിലെത്തി ചന്ത സന്ദര്‍ശിച്ച് വിതരണ രീതികളെ കുറിച്ച് പഠിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കേരളത്തിലെ വിപണികളെ അപേക്ഷിച്ച് ആരോഗ്യമുള്ള പോത്തുകുട്ടികള്‍ തമിഴ്നാട്ടില്‍ ഉണ്ടെന്നും ലേലത്തിനായി ചന്തകളില്‍ നിരവധി പോത്തുകള്‍ ഉള്ളതിനാല്‍ നല്ലവയെ നോക്കി വാങ്ങാമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.