Friday, May 10, 2024
indiakeralaNewspolitics

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നത് ആ സംഘടന ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ മറികടക്കാനുള്ള മാര്‍ഗമല്ല :സീതാറാം യെച്ചൂരി.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നത് ആ സംഘടന ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ മറികടക്കാനുള്ള മാര്‍ഗമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം സംഘടനകളെ നിരോധിച്ചാല്‍ മറ്റൊരു പേരില്‍ വരും. രാഷ്ട്രീയമായാണ് ഇത്തരം സംഘടനകളെ നേരിടേണ്ടത്. ഇതോടൊപ്പം ഭരണതലത്തിലും ക്രിമിനലുകള്‍ക്കെതിരെ നടപടിയുണ്ടായാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ എന്നും എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞു.ആര്‍എസ്എസിനെ രാജ്യത്ത് മൂന്നു പ്രാവശ്യം നിരോധിച്ചിട്ടുണ്ടെങ്കിലും അവര്‍ അക്രമ പ്രവര്‍ത്തനം നിര്‍ത്തിയിട്ടില്ല. ഭീകരവാദവും ജനങ്ങളെ ജാതിയുടെ അടിസ്ഥാനത്തില്‍ വിഭജിക്കുന്ന പ്രവര്‍ത്തനവും ആര്‍എസ്എസ് തുടരുന്നു. മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും ആര്‍എസ്എസ് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണ്.

മാവോയിസ്റ്റുകളെ നിരോധിച്ചെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍ അവര്‍ തുടരുകയാണ്. മതപരമായ വിഭജനം അവസാനിപ്പിക്കണമെങ്കില്‍ മതേതര അടിത്തറ ശക്തിപ്പെടണം. ബുള്‍ഡോസര്‍ രാഷ്ട്രീയം കൊണ്ട് ഇതിനു കഴിയില്ല. പോപ്പുലര്‍ ഫ്രണ്ടുപോലുള്ള സംഘടനകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താന്‍ സിപിഎമ്മും സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണ്. ബിജെപി ദേശീയ പ്രസിഡന്റ് പറഞ്ഞത് കേരളം തീവ്രവാദികളുടെ ഹോട്ട് സ്‌പോട്ട് ആണെന്നാണ്. അദ്ദേഹം ആര്‍എസ്എസിനോട് കൊലപാതകവും വിദ്വേഷ പ്രചാരണവും നിര്‍ത്താന്‍ പറയണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.