Friday, May 3, 2024
indiaNewspolitics

പൊലീസ് അനുമതിയില്ല: ദില്ലിയിലെ ജനകീയ ഉച്ചകോടി റദ്ദാക്കി

ദില്ലി: ദില്ലിയിലെ പാര്‍ട്ടിയുടെ പഠന കേന്ദ്രമായ സുര്‍ജിത് ഭവനില്‍ നടത്തിയ വി20 പരിപാടി പൊലീസ് അനുമതി നല്‍കാത്ത സാഹചര്യത്തില്‍ സിപിഎം റദ്ദാക്കി. ഇന്നലെ പൊലീസ് വിലക്ക് മറികടന്ന് പരിപാടി നടത്തിയിരുന്നു. എന്നാല്‍ ഇന്ന് പരിപാടി നടത്താന്‍ മുന്‍കൂര്‍ പോലീസ് അനുമതി വേണമെന്ന കോടതി ഉത്തരവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അധികൃതര്‍ എതിര്‍പ്പുന്നയിച്ചു. ഇതോടെയാണ് പരിപാടി റദ്ദാക്കിയത്.                                                                                                    പരിപാടികള്‍ക്ക് ദില്ലി പൊലീസിന്റെ മുന്‍കൂര്‍ അനുമതി തേടണമെന്ന് ദില്ലി ഹൈക്കോടതി കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തരവിട്ടിരുന്നു. സെപ്റ്റംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് ബദലായാണ് സിപിഎം സഹകരണത്തോടെ വിവിധ സര്‍ക്കാരിതര സംഘടനകള്‍ വി20 ജനകീയ ഉച്ചകോടി എന്ന പരിപാടി സംഘടിപ്പിച്ചത്. ദില്ലിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്ന, പാര്‍ട്ടി പഠന കേന്ദ്രമായ സുര്‍ജിത് ഭവനില്‍ ആഗസ്റ്റ് 18 നാണ് പരിപാടി തുടങ്ങിയത്. ബൃന്ദ കാരാട്ട്, മനോജ് ഝാ എംപി, ആക്ടിവിസ്റ്റ് ടീസ്ത സെതല്‍വാദ് അടക്കമുള്ളവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പരിപാടിയുടെ രണ്ടാം ദിനമായ ഇന്നലെ പരിപാടിക്ക് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് തടയുകയായിരുന്നു. സുര്‍ജിത് ഭവന്റെ പ്രധാന കവാടം പൂട്ടിയ പൊലീസ്, ആരെയും അകത്തേക്കും – പുറത്തേക്കും വിടില്ലെന്നും നിലപാട് എടുത്തു. പാര്‍ട്ടി ഓഫീസിനകത്ത് നടക്കുന്ന പരിപാടികളില്‍ അനുമതി തേടാറില്ലെന്നിരിക്കെ പൊലീസ് നടപടി പ്രതിഷേധത്തിന് വഴിവെച്ചു. പരിപാടിയില്‍ സംസാരിക്കാനെത്തിയവരും പങ്കെടുക്കാനെത്തിയവരും പൊലീസും തമ്മില്‍ വാക്കേറ്റം ഉണ്ടായി.