Friday, May 10, 2024
keralaNews

പൊങ്കാല ശുചീകരണത്തിന് 21 ടിപ്പര്‍ ലോറികള്‍ വാടകയ്ക്ക്; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

ആറ്റുകാല്‍ പൊങ്കാല ശുചീകരണത്തിന് 21 ടിപ്പര്‍ ലോറികള്‍ വാടകയ്ക്കെടുത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്ന സാചര്യത്തില്‍ റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി. സംഭവത്തില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ്.നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് പലഭാഗങ്ങളില്‍ നിന്നും പരാതികള്‍ ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

എന്നാല്‍ കഴിഞ്ഞതവണ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വീടുകളിലാണ് ഭക്തര്‍ പൊങ്കാലയര്‍പ്പിച്ചത്. പൊങ്കാലയ്ക്കുശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരില്‍ 21 ടിപ്പര്‍ ലോറികള്‍ വാടകയ്ക്ക് എടുത്തതായാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ രേഖകളിലുള്ളതെന്നാണ് ആരോപണം.
3,57,800 രൂപ ലോറികള്‍ക്ക് വാടകയായി ചെലവഴിച്ചതായാണ് പറയപ്പെടുന്നത്. ഫോര്‍ട്ട് ഗ്യാരേജ് സൂപ്പര്‍വൈസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ടിപ്പര്‍ ലോറികള്‍ വാടകയ്ക്ക് എടുത്തതെന്നും ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് മേയര്‍ അനുമതി നല്‍കിയെന്നുമാണ് ഉയരുന്ന ആരോപണം.അതേസമയം വ്യാജപ്രചരണം അവസാനിപ്പിക്കണമെന്നും 3.57ലക്ഷം രൂപ നല്‍കിയിട്ടില്ലെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു.