Sunday, May 19, 2024
keralaNewsObituarypolitics

രണ്ടു പ്രണയങ്ങള്‍ ഉറങ്ങുന്ന കളത്തിപ്പറമ്പില്‍ വീട്

ആലപ്പുഴ ചത്തനാട്ടെ കളത്തിപ്പറമ്പില്‍ വീട്ടില്‍ ഓര്‍മകളുടെ തിരയിളക്കം മാത്രം. കേരളരാഷ്ട്രീയത്തില്‍ ആഘോഷിക്കപ്പട്ട രണ്ട് കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രണയ പരിലാളനകള്‍ ഏറ്റുവാങ്ങിയ വീട് ആദ്യമന്ത്രിസഭയിലെ ദമ്പതികള്‍ മുന്‍ മന്ത്രിമാരായ ടി.വി. തോമസും കെ.ആര്‍. ഗൗരിയമ്മയും താമസിച്ച കളത്തിപ്പമ്പില്‍ വീട്ടിലെ ആരവം നിലച്ചു. ദിവസങ്ങള്‍ക്കു മുമ്പാണ് വാര്‍ധക്യത്തിന്റെ അവശതകള്‍ മൂലം ഇവിടുത്തെ താമസത്തിനു തിരശീലയിട്ടു ഗൗരിയമ്മ തലസ്ഥാനത്തേക്കു യാത്രയാതും.

ആ ചില്ലിട്ട ചിത്രങ്ങള്‍

ടി.വി തോമസിന്റെ മരണശേഷവും അദ്ദേഹത്തിന്റെ ഓര്‍മകള്‍ ശേഷിക്കുന്ന ഈ വീട്ടിലായിരുന്നു ഗൗരിയമ്മയുടെ ജീവിതം. പാര്‍ട്ടിയിലും ജീവിതത്തിലും വേര്‍പിരിഞ്ഞിട്ടും വീട്ടിലെ ഭിത്തിയില്‍ ടിവിയുടെ ചില്ലിട്ട ചിത്രങ്ങള്‍ ധാരാളമുണ്ടായിരുന്നു. പിതാവ് വാങ്ങി നല്‍കിയ വീട് ഗൗരിയമ്മയ്ക്ക് നല്‍കി ടി വി. വാടക വീട്ടിലേക്കു മാറുകയായിരുന്നു. ടി.വി. തോമസിന്റെ പിതാവും ഭൂപ്രഭുമായിരുന്ന ടി.സി. വര്‍ഗീസ്, ചാണ്ടി വക്കീലിന്റെ ഉടമസ്ഥതയിലുള്ള ആലപ്പുഴ ചാത്തനാട്ടിലെ വീടും പറമ്ബും വാങ്ങി മകനു നല്കുകയായിരുന്നു. പിതാവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ടി.വി. തോമസും ഗൗരിയമ്മയും താമസം അങ്ങോട്ടേക്കു മാറ്റിയത്. പട്ടണക്കാട്ടെ തന്റെ കുടുംബ വീടിന്റെ പേരായ
കളത്തിപ്പറമ്പില്‍ എന്ന പേര് ചാത്തനാട്ടിലെ വീടിനും നല്‍കണമെന്ന ഗൗരിയമ്മയുടെ അഭിപ്രായത്തിനും ടി.വി. എതിരുനിന്നില്ല.

രാഷ്ട്രീയ തറവാട്

സിപിഎമ്മുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നു ഗൗരിയമ്മയുടെ നേതൃത്വത്തില്‍ ജെഎസ്എസ് രൂപീകരിച്ചപ്പോള്‍ പാര്‍ട്ടിയുടെ പ്രധാന കേന്ദ്രവും ഈ വീടായിരുന്നു. നേതാക്കളുടെ ഘോഷയാത്ര തന്നെ പലപ്പോഴായി ഈ വീട്ടിലേക്കുണ്ടായിട്ടുണ്ട്. എല്ലാ വര്‍ഷവും മിഥുന മാസത്തിലെ തിരുവോണ നാളില്‍ ഗൗരിയമ്മയുടെ ജന്മദിനം വിപുലമായി ഇവിടെ ആഘോഷിച്ചു. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഘോഷം ഒഴിവാക്കി. പിറന്നാള്‍ ദിനത്തില്‍ വീട്ടിലെ ഗേറ്റിനു മുന്നില്‍ തടിച്ചുകൂടുന്ന ജനക്കൂട്ടത്തെ കാണാന്‍ തൂവെള്ള സാരിയുമുടുത്തു പുഞ്ചിരി തൂകി ഗൗരിയമ്മ എത്തുമായിരുന്നു.