Friday, May 3, 2024
indiaNewspolitics

പേഴ്‌സണല്‍ സെക്രട്ടറിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പേഴ്‌സല്‍ സെക്രട്ടറിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. പേഴ്‌സല്‍ സെക്രട്ടറി ബിഭവ് കുമാറിനെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. സര്‍ക്കാര്‍ ജോലി തടസപ്പെടുത്തി എന്നാരോപിച്ച് ഇയാള്‍ക്കെതിരെ നിലനില്‍ക്കുന്ന കേസ് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് ഡയറക്ടറേറ്റ് നടപടി സ്വീകരിച്ചത്.  2007ലെ കേസ് കണക്കിലെടുത്ത് വിജിലന്‍സ് സ്പെഷ്യല്‍ സെക്രട്ടറി വൈവിവിജെ രാജശേഖറാണ് ഉത്തരവിറക്കിയത്. നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നതിലെ ലംഘനവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് വിജിലന്‍സ് അറിയിച്ചു.

നോയിഡയിലെ ഡെവലപ്മെന്റ് അതോറിറ്റിയില്‍ നിയമിതനായ മഹേഷ് പാലിനെയാണ് കൃത്യനിര്‍വഹണം ചെയ്യുന്നതില്‍ നിന്ന് ബിഭവ് കുമാര്‍ തടസപ്പെടുത്തിയത്. ബിഭവ് കുമാറും മറ്റ് മൂന്ന് പേരും ചേര്‍ന്ന് പരാതിക്കാരനെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും ഇത് ഗുരുതര കുറ്റമാണെന്നും ഉത്തരവില്‍ പറയുന്നു. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കേസില്‍ ബിഭാവ് കുമാറിനെയും, എഎപി എംഎല്‍എ ദുര്‍ഗേഷ് പഥക്കിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മാസവും ബിഭാവിനെ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.