Friday, May 3, 2024
educationkeralaNewsworld

പൂഞ്ഞാര്‍ സ്വദേശിനി ഗ്ലോബ് പ്രോഗ്രാമില്‍ ബ്ലോഗർ ആയി ഇടം നേടി.

നാസയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ പരിപാടിയായ ഗ്ലോബ് പ്രോഗ്രാമില്‍ ബ്ലോഗർ ആയി ഇടം നേടിയതിന്റെ ആഹ്ലാദത്തിലാണ് പൂഞ്ഞാര്‍ കുന്നോന്നി സ്വദേശിനിയായ ലക്ഷ്മി വി നായര്‍. 112 രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 12 വിദ്യാര്‍ത്ഥികളില്‍, ഏഷ്യ പസഫിക് റീജിയണില്‍ നിന്നും പ്രവേശനം ലഭിച്ചത് ലക്ഷ്മിക്ക് മാത്രമാണ്. പൂഞ്ഞാര്‍ എസ്എംവി സ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ലക്ഷ്മി വി നായർ.
പൂഞ്ഞാര്‍ എസ്എംവി സ്‌കൂളിലെ ശാസ്ത്ര അധ്യാപകനായ വി ആർ പ്യാരിലാലിന്റെ നിര്‍ദേശപ്രകാരമാണ് ലക്ഷ്മി ഗ്ലോബ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിച്ചത്. എഷ്യപസഫിക് മേഖലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏകവിദ്യാര്‍ത്ഥി ലക്ഷ്മി മാത്രമാണ്. ഏറ്റവും പ്രായം കുറഞ്ഞ 2 പേരില്‍ ഒരാള്‍കൂടിയാണ് ലക്ഷ്മി. വെല്‍കം കിറ്റായി ഗ്ലോബ് ടീഷര്‍ട്ടും മെഡലും ഒപ്പം വീഡിയോ ചിത്രീകരണത്തിനായി മൈക്കും പാഴ്‌സലായി എത്തി. ഗ്ലോബ് ടീം നര്‍ദേശിക്കുന്ന പ്രകൃതിവിഷയങ്ങളില്‍ വീഡിയോ തയാറാക്കി നല്കുകയാണ് അംഗങ്ങള്‍ ചെയ്യേണ്ടത്.
ലോക്ഡൗണ്‍ കാലയളവില്‍ എത്തിയ നേട്ടം അധികമാരും അറിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. സമൂഹമാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ് എംപിയും ജനപ്രതിനിധികളും അഭിനന്ദനവുമായെത്തി. കോവിഡ് ലോക്ഡൗണ്‍ ഒഴിവായ ശേഷം വലിയതോതിലുള്ള സ്വീകരണം നല്കാനാണ് പഞ്ചായത്തും ലക്ഷ്യമിടുന്നത്.
പാലായില്‍ സ്വകാര്യ ആയുര്‍വേദ സ്ഥാപനത്തില്‍ ജീവനക്കാരനായ അച്ഛന്‍ വിജയകുമാറും അമ്മ ശ്രീജയ്ക്കുമൊപ്പം 5-ാം ക്ലാസുകാരി സഹോദരി നന്ദനയും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. പരിമിതമായ ജീവിത സാഹചര്യങ്ങള്‍ക്കിടയിലും ഈ വലിയ നേട്ടംസ്വന്തമായതിന്റെ ആവേശത്തിലാണ് ലക്ഷ്മി വി നായർ