Friday, May 3, 2024
indiaNews

പുഷ്‌കര്‍ സിങ് ധമി ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രി.

പുഷ്‌കര്‍ സിങ് ധമി ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രിയാകും. ബി.െജ.പി നിയമസഭാ കക്ഷിയോഗമാണ് ധാമിയെ തിരഞ്ഞെടുത്തത്. നാല് മാസത്തിനിടെ ഉത്തരാഖണ്ഡിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പുഷ്‌കര്‍ സിങ് ധമി. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങളെ തുടര്‍ന്ന്, ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റി, കഴിഞ്ഞ മാര്‍ച്ചിലാണ് തിരഥ് സിങ് റാവത്തിനെ ബിജെപി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാക്കിയത്. എന്നാല്‍ നാല് മാസം തികയും മുന്‍പ് അനിവാര്യമായ രാജിയിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു.നിലവില്‍ ലോക്‌സഭ എം പിയായ തിരത് സിങ് റാവത്തിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തിയത് കോവിഡിന്റെ രണ്ടാം തരംഗത്തിനു കാരണമായതെന്ന ആരോപണം ശക്തമായിരിക്കെ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സാധ്യതയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിയമ സഭയുടെ കാലാവധി പൂര്‍ത്തിയാക്കാനും ഒരു വര്‍ഷം മാത്രം ബാക്കി. ഈ സാഹചര്യത്തില്‍ ഭരണഘടന പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് രാജി.ചുരുങ്ങിയ കാലയളവിലും വിവാദ പരാമര്‍ശങ്ങള്‍ കൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന മുഖ്യമന്ത്രിയാണ് തിരത് സിങ് റാവത്ത്. പെണ്‍കുട്ടികള്‍ കീറിയ ജീന്‍സിടുന്നതിനെതിരെ തിരത് സിങ് റാവത്ത് നടത്തിയ പരാമര്‍ശത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.