Friday, May 17, 2024
keralaNews

മന്‍സൂര്‍ വധം പ്രതിപ്പട്ടികയിലുള്ള രതീഷ് കൂലോത്ത് മരിച്ചനിലയില്‍.

മന്‍സൂര്‍ വധക്കേസ് പ്രതിപ്പട്ടികയിലുള്ള രതീഷ് കൂലോത്ത് മരിച്ചനിലയില്‍. കോഴിക്കോട് ചെക്യാട് അരൂണ്ടയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് മൃതദേഹം കണ്ടത്. രതീഷിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം അന്വേഷണസംഘം എത്തിയിരുന്നു. മന്‍സൂര്‍ വധക്കേസില്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയതിനു പിന്നാലെയാണു സംഭവം. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കി. പൊലീസിലെ സിപിഎം ക്രിമിനലുകള്‍ അന്വേഷണ സംഘത്തിലുണ്ടെന്ന് കെ.സുധാകരന്‍ എംപി ആരോപിച്ചു.

ഷിനോസിന്റെ മൊബൈല്‍ ഫോണില്‍നിന്നും അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കാന്‍ സൈബര്‍ സെല്ലിന് കൈമാറി. പ്രതികള്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഇരുചക്ര വാഹനങ്ങളും കണ്ടെത്തി. പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നുമാണ് പൊലീസ് പറയുന്നത്. അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് മുസ്‌ലിം ലീഗും ആവര്‍ത്തിച്ചു. ശനിയാഴ്ച പാനൂരില്‍ നടക്കുന്ന യുഡിഎഫ് പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.