Friday, May 17, 2024
keralaNews

പാലക്കാട് ജില്ലയില്‍ പലയിടത്തായി വിവാഹ തട്ടിപ്പ് .. ഒറീസക്കാരനായ പ്രതിയെ ജാമ്യത്തിലിറക്കാന്‍ ലഹരി മാഫിയ

പാലക്കാട് ജില്ലയില്‍ പലയിടത്തായി വിവാഹ തട്ടിപ്പ് നടത്തുകയും സ്ത്രീപീഡനം നടത്തുകയും ചെയ്ത കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒറീസക്കാരനെ പുറത്തിറക്കാന്‍ ലഹരിമാഫിയ ശ്രമിക്കുന്നതായി ആരോപണം. മോട്ടോര്‍ വെഹിക്കിള്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനായി കേരളത്തിലെത്തിയ ഒറീസക്കാരന്‍ സ്വാലിഹ് എന്ന വിഷ്ണുവിനെതിരെ കോങ്ങാട് പൊലിസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം 0451 നമ്ബരായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഐ.പി.സി 1860 സെക്ഷന്‍ 498 എ പ്രകാരമുള്ള പരാതിയിലാണ് അറസ്റ്റ്. കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് രഹസ്യമായി ഒറീസയിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.                                                                                                             ലഹരി മരുന്നുകള്‍ വിതരണം ചെയ്തും മറ്റും പ്രദേശത്തെ പല യുവാക്കളുമായും സൌഹൃദമുണ്ടാക്കുന്ന ഇയാള്‍ അവരുടെ സഹായത്തോടെയാണ് തട്ടിപ്പുകള്‍ നടത്തുന്നത്. പുതുതായി വിവാഹം കഴിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ വീട്ടില്‍ ഇടക്ക് ഇയാള്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ ഇയാളുടെ താമസസ്ഥലം എവിടെയാണെന്ന് പെണ്‍കുട്ടികളുടെ വീട്ടുകാര്‍ക്ക് പോലും അറിയാത്ത തരത്തില്‍ ദുരൂഹജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. സ്വാലിഹ്, രാഹുല്‍, വിഷ്ണു എന്നിങ്ങനെ പല പേരുകളിലാണ് ഇയാള്‍ അറിയപ്പെടുന്നത്. അലനല്ലൂര്‍ ഭാഗത്ത് വര്‍ക് ഷോപ്പ് നടത്തുന്ന ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പ്രദേശവാസികളില്‍ ചിലരുടെ ഇടപെടലാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചത്.                                                                                                                              അതേസമയം, പ്രതിക്ക് നേരത്തെ തന്നെ കഞ്ചാവ്, മറ്റ് ലഹരി വസ്തുക്കളുടെ ഇടപാടുകള്‍ ഉള്ള ആളാണെന്നും നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്നും പറയപ്പെടുന്നു. ഇയാളുടെ വിവാഹതട്ടിപ്പുകള്‍ക്ക് പ്രാദേശികമായി പിന്തുണ നല്‍കിയ ലഹരി മാഫിയ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും, നാട്ടുകാര്‍ ആരോപിച്ചു.