Thursday, May 2, 2024
Newsworld

വെന്തുരുകി കാനഡ;ഉഷ്ണതരംഗത്തില്‍ 486 പേര്‍ മരിച്ചു.

ആഞ്ഞടിക്കുന്ന ഉഷ്ണതരംഗത്തില്‍ പടിഞ്ഞാറന്‍ കാനഡയിലും വടക്കു-പടിഞ്ഞാറന്‍ അമേരിക്കയിലും നൂറുകണക്കിനാളുകള്‍ മരിച്ചുവീഴുന്നു. ഉഷ്ണതരംഗത്തിന് പിന്നാലെ കാട്ടുതീയും പടര്‍ന്നതോടെ മരണനിരക്ക് ഉയര്‍ന്നു. ചരിത്രത്തിലാദ്യമായിട്ടാണ് ഉഷ്ണതരംഗത്തില്‍ ഇത്രയും പേര്‍ മരിക്കുന്നത്. 49.5 ഡിഗ്രി ചൂടാണനുഭവപ്പെടുന്നത്.കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 486 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. കനേഡിയന്‍ പ്രോവിന്‍സില്‍ 165 പേരാണ് മരിച്ചത്. 98 പേര്‍ വാന്‍കോവറില്‍ മരിച്ചതായി പോലീസ് പറയുന്നു. മരിച്ചവരില്‍ കൂടുതലാളുകളും 70 വയസ്സുകഴിഞ്ഞവരും വൃദ്ധരുമാണ്. കൊടുചൂടില്‍ പിടിച്ചുനില്‍ക്കാനാവാതെ ആളുകള്‍ പലായനം ചെയ്യുകയാണ്. ഒറിഗന്‍ മേഖലയില്‍ 60 പേര്‍ മരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
ബ്രിട്ടീഷ് കൊളംബിയയില്‍ 49.5 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെടുന്നത്. 15 മിനിട്ടിനുള്ളില്‍ നഗരത്തെ തീ വിഴുങ്ങിയതായി മേയര്‍ പോള്‍ഡര്‍മാന്‍ പറഞ്ഞു. ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള ഉഷ്ണതരംഗമാണ് ഉണ്ടായിരിക്കുന്നതെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടത്. കാട്ടുതീ ഏറ്റവും അപകടകരമായ വിധത്തില്‍ ഉയര്‍ന്ന തലത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നതിന്റെ സൂചനയാണിതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. വാഷിങ്ടണ്‍ സ്റ്റേറ്റില്‍ 20 പേര്‍ കനത്ത ചൂടില്‍ മരിച്ചു. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുമായും വൈസ് പ്രസിഡന്റ് കമലാ ഹാരീസുമായും ബൈഡന്‍ കൂടിക്കാഴ്ച നടത്തി. വരും ദിവസങ്ങളില്‍ മരണനിരക്ക് ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ പറഞ്ഞു.