Tuesday, May 7, 2024
indiaNewsObituary

പുല്‍വാമ ആക്രമണത്തില്‍ വീരമൃതു വരിച്ച മേജര്‍ ധൗണ്ടിയാലിന്റെ ഭാര്യ സൈന്യത്തില്‍ ചേര്‍ന്നു

പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ സൈന്യത്തില്‍ ചേര്‍ന്നു. അവര്‍ ഇന്ന് ആദ്യമായി സൈനികവേഷം അണിഞ്ഞപ്പോള്‍ അത് ഭര്‍ത്താവിനുള്ള അര്‍ഹിക്കുന്ന ആദരവുകൂടിയായി മാറി. 2019-ല്‍ ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിലാണ് മേജര്‍ വിഭൂതി ശങ്കര്‍ ധൗണ്ടിയാല്‍ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചത്. മരണാനന്തര ബഹുമതിയായി ശൗര്യ ചക്ര നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. പിന്നാലെയാണ് വിഭൂതി ശങ്കറിന്റെ ഭാര്യയും സൈന്യത്തിലേക്ക് എത്തുന്നത്.

വടക്കന്‍ കമാന്‍ഡിന്റെ സൈനിക കമാന്‍ഡര്‍ ലഫ്. ജനറല്‍ വൈ കെ ജോഷിയില്‍നിന്ന് നക്ഷത്രങ്ങള്‍ സ്വീകരിച്ചപ്പോള്‍ രാജ്യത്തിന് അഭിമാനമുഹൂര്‍ത്തമായി. പ്രതിരോധ വകുപ്പിന്റെ ഉധംപൂര്‍ പിആര്‍ഒ ചടങ്ങിന്റെ വീഡിയോ ട്വീറ്റ് ചെയ്തു. മരിക്കുന്നതിന് ഒന്‍പത് മാസം മുന്‍പായിരുന്നു 27-കാരിയായ ഭാര്യ നിതിക കൗളുമായുള്ള വിവാഹം. ഭര്‍ത്താവ് നഷ്ടപ്പെട്ടതോര്‍ത്ത് തളര്‍ന്നിരിക്കാതെ അദ്ദേഹത്തിന്റെ ജീവത്യാഗത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട നിതിക സൈന്യത്തിന്റെ ഭാഗമാകാന്‍ തീരുമാനമെടുക്കുകയായിരുന്നു.
ധൗണ്ടിയാല്‍ മരിച്ച് ആറുമാസത്തിനുശേഷം നിതിക ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലേക്ക് അപേക്ഷ നല്‍കി. പരീക്ഷയില്‍ വിജയിച്ച അവര്‍ തുടര്‍ന്ന് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് അഭിമുഖവും പാസായി. പിന്നാലെ ചെന്നൈയിലെ ഓഫിസേഴ്സ് ട്രെയിനിംഗ് അക്കാദമിയില്‍ പരിശീലനത്തിന് ചേര്‍ന്നു. പരീശീലനം പൂര്‍ത്തിയാക്കി 2021 മെയ് 29ന് നിതിക കൗള്‍ സൈന്യത്തിന്റെ ഭാഗമായി.