Wednesday, May 22, 2024
keralaNewspolitics

80:20 അനുപാതം: സര്‍ക്കാര്‍ പുനഃപരിശോധനാ ഹരജി നല്‍കണമെന്ന് മുസ് ലിം ലീഗ്

ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ അനുപാതം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹരജി നല്‍കണമെന്ന് മുസ് ലിം ലീഗ്. അല്ലെങ്കില്‍ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകണമെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആവശ്യപ്പെട്ടു. 80:20 അനുപാതം കൊണ്ടുവന്നത് യു.ഡി.എഫ് ആണെന്ന പ്രചാരണം തെറ്റാണെന്നും പി.എം.എ സലാം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന മെറിറ്റ് സ്‌കോളര്‍ഷിപ് 80 ശതമാനം മുസ്‌ലിംകള്‍ക്കും 20 ശതമാനം ലത്തീന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുമായി സംവരണം ചെയ്ത സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവുകളാണ് ഹൈകോടതി റദ്ദാക്കിയത്. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപന പ്രകാരം ന്യൂനപക്ഷ സമുദായമായി പ്രഖ്യാപിച്ച എല്ലാ വിഭാഗക്കാര്‍ക്കും ജനസംഖ്യാനുപാതികമായി ആനുകൂല്യം വിതരണം ചെയ്യണമെന്ന് വിലയിരുത്തിയാണ് ചീഫ്ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് ക്ഷേമ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സര്‍ക്കാര്‍ ഒരു സമുദായത്തിന് മാത്രമായി മുന്‍ഗണന നല്‍കുന്നെന്ന് ആരോപിച്ച് പാലക്കാട് സ്വദേശി ജസ്റ്റിന്‍ പള്ളിവാതുക്കലാണ് ഹൈകോടതിയെ സമീപിച്ചത്.