Monday, April 29, 2024
keralaNews

പുന്നോല്‍ ഹരിദാസന്‍ വധക്കേസില്‍ 17 പ്രതികള്‍

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. 17 പേരെ പ്രതി ചേര്‍ത്താണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ബിജെപി പ്രവര്‍ത്തകര്‍ രാഷ്ട്രീയ വൈരത്തോടെ നടത്തിയ കൊലപാതകമാണ് പുന്നോല്‍ ഹരിദാസന്റേതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ആറുപേരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത്. 11 പേര്‍ക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. ബിജെപി മണ്ഡലംപ്രസിഡന്റ് ലിജേഷിന് കൃത്യത്തില്‍ നേരിട്ട് പങ്കെന്ന് കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു. ഗൂഡാലോചന വ്യക്തമാകുന്ന നിരവധി ഫോണ്‍ സംഭാഷണങ്ങളും കുറ്റപത്രത്തോടൊപ്പം പൊലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

കേസില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിജില്‍ദാസിനെ ഒളിവില്‍ പാര്‍ക്കാന്‍ സഹായം ചെയ്ത പിണറായി സ്വദേശിനിയും അധ്യാപികയുമായ രേഷ്മ കേസില്‍ 15 ആം പ്രതിയാണ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 2 പേരെ ഇനിയും പിടികിട്ടാനുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 21ന് പുലര്‍ച്ചെയാണ് ഹരിദാസനെ ആര്‍.എസ്.എസ്- ബി.ജെ.പി. പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്.കേസിലെ മൂന്നാം പ്രതിയും കൊലയാളി സംഘത്തിന് ഹരിദാസിനെ കാട്ടിക്കൊടുത്ത സുനേഷ് എന്ന മണിക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കൊലയാളി സംഘവുമായി സുനേഷ് ബന്ധപ്പെട്ടു എന്നതിന് തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് ആയില്ല എന്ന് നിരീക്ഷണത്തോടെയാണ് കോടതി ഇയാള്‍ക്ക് ജാമ്യം നല്‍കിയത്. അന്വേഷണം തുടരുന്നതിനാല്‍ ബാക്കി 10 പേരുടെ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി തള്ളി. അധ്യാപിക രേഷ്മയ്ക്കും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.