Wednesday, May 15, 2024
keralaNewsObituary

ബൈക്കില്‍ ലോറിയിടിച്ച് മുത്തച്ഛനും പേരക്കുട്ടിക്കും ദാരുണാന്ത്യം.

കണ്ണൂര്‍ :വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് ബൈക്കില്‍ പോകവേ ഗ്യാസ് സിലിണ്ടര്‍ ലോറിയിടിച്ച് മുത്തച്ഛനും പേരക്കുട്ടിക്കും ദാരുണാന്ത്യം. പള്ളിക്കുന്ന് എടച്ചേരി കൊമ്പ്രക്കാവിനു സമീപം നവനീതത്തില്‍ മഹേഷ് ബാബു (60), മകള്‍ പി.നവ്യയുടെ മകന്‍ ആഗ്‌നേയ് (7) എന്നിവരാണ് മരിച്ചത്. രാവിലെ 11ന് പള്ളിക്കുളം മണ്ഡപത്തിനു സമീപമാണ് അപകടം.മഹേഷ് ബാബുവും കുട്ടിയും സഞ്ചരിച്ച ബൈക്കിനു പിന്നില്‍ സിലിണ്ടറുമായി മംഗലാപുരത്തേക്ക് പോകുകയായിരുന്ന ലോറി ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ച് വീണ ഇരുവരുടേയും ദേഹത്ത് ലോറി കയറി തല്‍ക്ഷണം മരിച്ചു. അപകടം അറിഞ്ഞ് എത്തിയ, തൊട്ടടുത്ത സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ നവ്യ, പിതാവിനെയും കുഞ്ഞിനെയും റോഡില്‍ കണ്ടതോടെ ബോധരഹിതയായി.

കണ്ണൂര്‍ എഎസ്പി വി.വി.വിജയ് ഭരത്‌ െറഡ്ഡിയും വളപട്ടണം പൊലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍പെട്ട വാഹനങ്ങള്‍ വളപട്ടണം സ്റ്റേഷനിലേക്കു മാറ്റി. തളാപ്പ് എസ്എന്‍ വിദ്യാമന്ദിര്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആഗ്‌നേയ്. പ്രവീണ്‍ ആണ് ആഗ്‌നേയന്റെ പിതാവ്. വിദേശത്തുള്ള പ്രവീണ്‍ നാട്ടിലെത്തിയ ശേഷം ഇരുവരുടെയും സംസ്‌കാരം നടക്കും. ചിറക്കല്‍ ക്ഷീരോല്‍പ്പാദക സംഘം മുന്‍ ജീവനക്കാരനാണ് മഹേഷ് ബാബു. വിനീതയാണു ഭാര്യ. നിഖില്‍ മകനാണ്.