Friday, May 3, 2024
keralaNewspolitics

പുതുപ്പള്ളിയില്‍ സിപിഎം ഔദ്യോഗിക പ്രഖ്യാപനം നടത്തി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസിനെ മൂന്നാം അങ്കത്തിന് ഇറക്കാനുള്ള തീരുമാനത്തിലാണ് സിപിഎം. ജില്ലാ സെക്രട്ടേറിയറ്റ് നല്‍കിയ ഒറ്റപേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയെന്ന വികാരം പരമാവധി മുതലെടുത്ത് ഉപതെരഞ്ഞെടുപ്പിന് ഇറങ്ങുന്ന കോണ്‍ഗ്രസിനെ നേരിടാന്‍ 2021 ലെ തെരഞ്ഞടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച ജെയ്ക് സി തോമസ്. ലോക്കല്‍ കമ്മിറ്റികളില്‍ നിന്ന് നല്‍കിയ ഒറ്റപ്പേര് ജില്ലാ നേതൃത്വം സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ വച്ചു.                                                                    ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം മാത്രം പറയണമെന്നുറപ്പിച്ച സംസ്ഥാന നേതൃത്വത്തിനും മറിച്ചൊരു അഭിപ്രായം ഉണ്ടായില്ല. 2016 ലും 2021 ലും ഉമ്മന്‍ചാണ്ടിക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച ജെയ്ക്ക് ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് എതിരാളിയാകും. ജെയ്ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേരായിരുന്നു പാര്‍ട്ടി ആദ്യം പരിഗണിച്ചിരുന്നത്. രണ്ട് തവണ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്ക് സി തോമസിന്റെ പേര് തന്നെയായിരുന്നു തുടക്കം മുതല്‍ മുന്‍ഗണനയില്‍ ഉണ്ടായിരുന്നത്. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് ജെയ്ക്ക് സി തോമസിന്റെ മാത്രമാണ് പരിഗണിച്ചത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ തന്നെ മണര്‍കാട് സ്വദേശിയായ ജെയ്ക്, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021 ലെ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയെ വിറപ്പിച്ച പ്രകടനം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജെയ്ക്കിന് അനുകൂല ഘടകമായി. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ജെയ്ക് നിലവില്‍ കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്ര കമ്മിറ്റിയിലും ഉണ്ട്. മണര്‍കാട് സ്വദേശിയായ ജെയ്ക് സി തോമസിന് മതസാമുദായിക ഘടകങ്ങളും അനുകൂലമെന്നാണ് വിലയിരുത്തല്‍. ഉമ്മന്‍ ചാണ്ടി ഉണ്ടാക്കിയെടുത്ത വൈകാരിക പരിസരം മാറ്റിവച്ചാല്‍ പുതുപ്പള്ളി മണ്ഡലം രാഷ്ട്രീയമായി അനുകൂലമെന്ന വിലയിരുത്തലിലാണ് സിപിഎം.