Sunday, May 5, 2024
keralaNewsSports

വള്ളംകളിയില്‍ ആരാകും ജലരാജാവ്

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഹീറ്റ്‌സ് മത്സരങ്ങള്‍ പൂര്‍ത്തിയായി. വീയപുരം പിബിസി പള്ളാത്തുരുത്തി, യുബിസി-നടുഭാഗം, കേരള പൊലീസ് മഹാദേവികാട് കാട്ടില്‍ തെക്കെതില്‍, കുമരകം ടൗണ്‍ ബോട്ട് ക്ലബ് – ചമ്പക്കുളം എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ (പിബിസി പള്ളാത്തുരുത്തി ബോട്ട് ക്ലബ്) ഒന്നാമതെത്തി. രണ്ടാം ഹീറ്റ്‌സില്‍ നടുഭാഗം ചുണ്ടന്‍ (യുബിസി കൈനകരി), മൂന്നാം ഹീറ്റ്‌സില്‍ കാട്ടില്‍ തെക്കേതില്‍, (കെപിബിസി കേരള) നാലാം ഹീറ്റ്‌സില്‍ തലവടി (ടിബിസി തലവടി), അഞ്ചാം ഹീറ്റ്‌സില്‍ നിരണം എന്‍സിഡിസി എന്നിവരാണ് ഒന്നാമതെത്തിയത്.            ഇവരില്‍ ഏറ്റവും മികച്ച സമയത്തോടെ ഫിനിഷ് ചെയ്ത ആദ്യ നാല് ചുണ്ടന്‍വള്ളങ്ങളാണ് ഫൈനലില്‍ മത്സരിക്കുക. അഞ്ചാമതായ നിരണം എന്‍സിഡിസി പുറത്തായി. ആയിരക്കണക്കിന് വള്ളംകളി പ്രേമികളെ ആവേശത്തിലാക്കിയാണ് പുന്നമടക്കായലില്‍ ചുണ്ടന്‍വള്ളങ്ങളുടെ മത്സരം ആരംഭിച്ചത്. ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിച്ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടര്‍ ലാന്റ് ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്ന് മന്ത്രി സജി ചെറിയാനാണ് വള്ളംകളി മത്സരങ്ങള്‍ക്ക് ആരംഭം കുറിച്ച് പതാക ഉയര്‍ത്തിയത്. മത്സരം തുടങ്ങാനിരിക്കെ ശക്തമായ മഴ പിന്നീട് മാറിനിന്നതോടെ ജനം കൂടുതല്‍ ആവേശത്തിലായി. പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്‌റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്. പ്രൊഫഷല്‍ തുഴച്ചില്‍കാരും ഇതരസംസ്ഥാനങ്ങളിലെ തുഴച്ചില്‍കാരും ഇത്തവണ ചുണ്ടന്‍ വള്ളങ്ങള്‍ തുഴയുന്നുണ്ട്. പുന്നമടക്കായലിന്റെ തീരമാകെ വള്ളംകളി പ്രേമികളുടെ ആവശത്തിമിര്‍പ്പിലാണ്. ആയിരക്കണക്കിന് ജനങ്ങളാണ് വള്ളംകളി കാണാനായി പുന്നമടക്കായലിന്റെ ഓരങ്ങളില്‍ കാത്ത് നില്‍ക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ അടക്കം വള്ളംകളി കാണാനെത്തിയിട്ടുണ്ട്.